SEED News

ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില് നക്ഷത്രവനം പദ്ധതി

ചെങ്ങന്നൂര്: അശ്വതിക്ക് കാഞ്ഞിരം, ഭരണിക്ക് നെല്ലി, കാര്ത്തികയ്ക്ക് അത്തി... ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിലെ കുട്ടികള്ക്ക് ഇരുപത്തേഴ് നാളും അവയുടെ വൃക്ഷങ്ങളും മനഃപാഠമാണ്. ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില് ഇവിടുത്തെ കുട്ടികളാണ് നക്ഷത്രവൃക്ഷങ്ങള് നട്ടുപിടിപ്പിക്കുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബും വൈദ്യരത്നം ഔഷധശാലയും ചേര്ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഭാഗമായാണ് മരം നടീല്.
   സീഡ് കോ- ഓര്ഡിനേറ്റര് ആര്. രാജലക്ഷ്മി, വിദ്യാര്ഥി പ്രതിനിധികളായ കണ്ണന്നായര്, മേഘാ മോഹന്ദാസ്, ശാലു, നന്ദു എന്നിവരുടെ നേതൃത്വത്തിലാണ് വനം ഒരുക്കുന്നത്. ഓരോ നാളുകാര്ക്കും ചേര്ന്ന വൃക്ഷങ്ങളും ചെടികളും പദ്ധതിയുടെ ഭാഗമായി ക്ഷേത്രവളപ്പില് നട്ടുപിടിപ്പിക്കും.
ഇവയുടെ പേരും ഔഷധ ഗുണങ്ങളും രേഖപ്പെടുത്തിയ ബോര്ഡും സ്ഥാപിച്ച് കേടു കൂടാതെ ഇരിക്കാന് ചുറ്റും സുരക്ഷാ വേലി ഒരുക്കും. തൈകള് വെള്ളമൊഴിച്ചു പരിപാലിക്കുന്ന ചുമതല സീഡ് ക്ലബ്ബിലെ കുട്ടികള്ക്കാണ്.  
 നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം നാകപ്പൂമരത്തൈ നട്ട് ജില്ലാ പഞ്ചായത്ത് അംഗം വി.വേണു നിര്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് അധ്യക്ഷനായി. വൈദ്യരത്നം ഔഷധശാല സോണല് മാനേജര് കെ.സി.സുരഷേ്കുമാര് വൃക്ഷങ്ങളുടെ ഔഷധ ഗുണങ്ങളെ പറ്റിയും ഉപയോഗരീതികളും വിശദീകരിച്ചു. സ്കൂള് പ്രിന്സിപ്പല് ലതാരാമന് നായര്, ഹെഡ്മിസ്ട്രസ് ആശാ വി.പണിക്കര്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് ശ്രീലേഖ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അനില്കുമാര്, വൈസ് പ്രസിഡന്റ് ഗോപിനാഥപിള്ള, രഘുനാഥക്കുറുപ്പ്, അധ്യാപകരായ ബി.ചന്ദ്രശേഖരന്നായര്, എസ്.ശ്രീകലാദേവി തുടങ്ങിയവര് പങ്കെടുത്തു. 

November 11
12:53 2017

Write a Comment