SEED News

പ്രകൃതിയെ തൊട്ടറിഞ്ഞ് ഡോക്ടർ. തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർ സുനിൽ കെ മേനോൻ "പെയ്തിറങ്ങാത്ത കവിതയുമായി".

"പെയ്തിറങ്ങാത്ത കവിത"


ഈ മഴയത്തൊരു കവിതയെഴുതണം, ഹാ
ആർത്തലച്ചത് പതിക്കുന്നു, ത്രസിപ്പിക്കുന്നു,
മനമെ, ഇതു തന്നെ അവസരം കുറിക്കുവാൻ
ഒഴുകി കൊൾക നീ കരങ്ങളിലേക്ക്, ക്ഷിപ്രം

ആടുന്ന കേരതരുക്കളെ മമ മനമിളക്കാതെ,
കൂടു തേടി പറക്കുന്ന  പറവകളെ കൂകാതെ 
മാമ്പൂ പൊഴിയട്ടെ, ഞാൻ മാഞ്ചോട്ടിലേക്കില്ല
ഞാനൊന്നെഴുതട്ടേ ഈ ഹർഷവർഷത്തിൽ

തലയാട്ടി മയക്കാതെ സൂനമേന്തും ലതകളെ
മുത്തുകൾ ഉരുണ്ടിറങ്ങും ചേമ്പില വൃന്ദങ്ങളെ
ഗളശുദ്ധി വരുത്തുന്ന ദർദ്ദുര ലയപണ്ഡിതരെ
ശ്രദ്ധ തളർത്താതെ, എൻ രചന ഭംഗിക്കാതെ

നനഞ്ഞ് നാണിച്ച് കൂമ്പിയ വേലി പടർപ്പുകൾ
വെൺ  മുത്തണിഞ്ഞ ചിലന്തി കൊട്ടാരങ്ങൾ
എൻ മിഴികൾ വരുതിയിലല്ല നേരമിതേറയായ്
അക്ഷരങ്ങളും മാരിയിൽ ലയിച്ചലിഞ്ഞുവോ?

അനിലനേറെ വ്യാകുലൻ, അരുണനെവിടെ?
ആഞ്ഞു തുറന്നോരൊ മേഘ വാതിൽ താഴും
നിദ്രാതീതനായ രവിയതാ, കിരണ കേളിയിൽ 
മഴമുകിലുകൾക്ക് അഭയമേകി ഇന്ദ്രധനുസ്സും

കാത്തിരിക്കാം മറ്റൊരു വർഷത്തിമർപ്പിനായി
കരവും കരളും കണ്ണുമൊരു ചരടിലാടട്ടെയന്ന്
ഒരു നവഗീതം പെയ്തിറങ്ങുമന്നെൻ തൂലികേ
ഇന്നിനി വിശ്രമമാസ്വദിക്കൂ, മതിവരുവോളം.

ഡോ. സുനിൽ കെ മേനോൻ
പ്രൊഫസ്സർ
ജൂബിലി മിഷൻ മെഡിക്കൽ കോളേജ്
തൃശൂർ

November 21
12:53 2017

Write a Comment

Related News