ബസ്സില്‍ ഞങ്ങള്‍ക്കും യാത്രചെയ്യണം
ചേറൂര്‍: ചേറൂരില്‍ സ്‌കൂള്‍ കുട്ടികളും ബസ് ജീവനക്കാരും തമ്മിലുള്ള കശപിശ എന്നും ഉള്ളതാണ്. വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയമായാല്‍ പിന്നെ ബസ്സുകളൊന്നും സ്‌കൂളിനുമുന്നില്‍ നിര്‍ത്തില്ല. വേങ്ങര-ചേറൂര്‍-കുന്നുംപുറം റൂട്ടിലോടുന്ന സ്വകാര്യബസ്സുകളധികവും സ്‌കൂള്‍ കുട്ടികളെ കാണുമ്പോള്‍ ഒന്ന് വേഗം കൂട്ടും.
യത്തീംഖാന സ്‌കൂളിലെ കുട്ടികളധികവും സ്‌കൂള്‍ ബസ്സാണ് ഉപയോഗിക്കുന്നത്. ചെറിയൊരു വിഭാഗം മാത്രമാണ് സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. എന്നിട്ടും കുട്ടികളെ കയറ്റാന്‍ ഈ റൂട്ടിലോടുന്ന ബസ്സുകാര്‍ക്ക് മടിയാണ്. ഇനി കയറ്റിയാലോ സീറ്റിലിരിക്കാന്‍ പാടില്ല, എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് അധിക തുകയും ഇവരുടെ കൈയില്‍നിന്ന് വാങ്ങിക്കും.
ഇക്കാര്യം മുന്‍പ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുറച്ചുകാലത്തേക്ക് എല്ലാം ശരിയായെങ്കിലും വീണ്ടും എല്ലാം പഴയപടിതന്നെയായി. ഇതുകാരണം ചില കുട്ടികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നതും സ്‌കൂളിലേക്ക് ബൈക്കില്‍ വരുന്നതും വര്‍ധിക്കുകയാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് പോലീസിന്റേയും ആര്‍.ടി.ഒയുടേയും ഇടപെടല്‍ അത്യാവശ്യമാണ്.
November 28
12:53
2017