SEED News

ശ്രമദാനത്തിന് കോളേജ് വിദ്യാർഥികളും

ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ്റിൽ ശ്രമദാനത്തിന് കോളേജ് വിദ്യാർഥികളെത്തും. കാടു തെളിയ്ക്ക്ാൻ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) നേതൃത്വത്തിലാണ് കുട്ടികൾ സേവനത്തിന് എത്തുന്നത്. പാണ്ടനാട് സ്വാമിവിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇവർ സന്നദ്ധത അറിയിച്ചത്. ഡിസംബർ മാസം എൻ.എസ്.എസ്. സപ്തദിന ക്യാമ്പുകൾ നടക്കുന്ന സമയമാണ്. ക്യാമ്പിന്റെ ഭാഗമായുള്ള ശ്രമദാനത്തിൽപ്പെടുത്തിയാണ് ആറുവൃത്തിയാക്കുകയെന്ന് കേരള സർവകലാശാല എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ എ. ഷാജി പറഞ്ഞു.  
 വിദ്യാർഥീകളുടെ നേതൃത്വത്തിൽ റിവർ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്കരിക്കാൻ റവന്യൂ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അതത് പ്രദേശത്തെ ജലാശയങ്ങളെ സംരക്ഷിച്ചു നിർത്തുകയാണ് ലക്ഷ്യം. ഇതിനായി കുട്ടികളുടെ ഇടയിൽനിന്ന് നദീ നിരീക്ഷണ സംഘത്തെ തിരഞ്ഞെടുക്കും. മലിന്യം വലിച്ചെറിയൽ അടക്കമുള്ളവ ജലാശയങ്ങളുള്ള പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ ഇവർ കൊണ്ടുവരും. കൂടാതെ പ്രദേശത്ത് ബോധവത്കരണവും നടത്തും. പദ്ധതിയിൽ ആദ്യ പ്രവർത്തനം എന്ന നിലയിൽ ഉത്തരപ്പള്ളിയാർ ആണ് ഏറ്റെടുക്കുക. 
 ശ്രമദാനത്തിൽ ചെങ്ങന്നൂർ താലൂക്ക് കൂടാതെ, പന്തളം, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിക്കും. ശ്രമദാനത്തോടൊപ്പം നാട്ടുകൂട്ടങ്ങളും കുട്ടികൾ സംഘടിപ്പിച്ച് നദീസംരക്ഷണ ബോധവത്കരണം നടത്തും. ഇത് സംബന്ധിച്ച് കോളേജുകളിലേക്ക് സർക്കുലർ അയക്കുമെന്ന് ഷാജി പറഞ്ഞു.  

December 01
12:53 2017

Write a Comment

Related News