reporter News

വെട്ടിക്കോട്ട് ചാൽ സംരക്ഷിക്കണം

ചാരുംമൂട്: ഓണാട്ടുകരയുടെ കാർഷികപെരുമയിൽ അനിഷേധ്യ സ്ഥാനമാണ് വെട്ടിക്കോട് ചാലിനുള്ളത്. 
കെ.പി.റോഡിനരികിൽ ചുനക്കര, ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ചാൽ ഒരുകാലത്ത്  നെൽപ്പാടങ്ങൾക്ക് ആവശ്യമായ ജലസമൃദ്ധി പ്രദാനം ചെയ്തിരുന്നു.
ജൈവവൈവിധ്യത്തിന്റെ കലവറയും വിവിധങ്ങളായ മത്സ്യസമ്പത്തിന്റെയും സസ്യജാലങ്ങളുടെയും സൂക്ഷ്മജീവികളുടെയും കേന്ദ്രവുമായിരുന്നു വെട്ടിക്കോട് ചാൽ.
 കതിർ നിറഞ്ഞ പാടങ്ങളും ചാലിന്റെ പരിശുദ്ധിയും ഇന്ന് നമുക്ക് ഇവിടെ കാണാൻ കഴിയുന്നില്ല. 
മൂക്കുപൊത്താതെ ചാലിന്റെ അരികിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണ്‌.
ഇറച്ചി മാലിന്യം, ആശുപത്രി മാലിന്യം തുടങ്ങി കക്കൂസ് മാലിന്യംവരെ ചാലിൽ നിക്ഷേപിക്കുന്നു. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി തളിര് സീഡ് ക്ലബ്ബ്‌ ചാലിനെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഈ പ്രദേശത്ത് ഉള്ളതായി കണ്ടെത്തി. 
ഈ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിലെ മാലിന്യത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണ്. ചാലിലെ ജലം പലപ്പോഴും നിറം മാറിമാറി കാണുന്നു.
ചാലിന്റെ സംരക്ഷണത്തിനായി സീഡ് ക്ലബ്ബ് പൊതുജനങ്ങളെ അണിനിരത്തി ധർണ സംഘടിപ്പിക്കുകയും, അധികാര കേന്ദ്രങ്ങളിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. 
 ചാലിലെ മാലിന്യനിക്ഷേപം തടയുന്നതിനു വീഡിയോ ക്യാമറ സ്ഥാപിക്കണമെന്നും, ചാലിലെ ജൈവവൈവിധ്യം സംരക്ഷിക്കണമെന്നുമാണ് ആവശ്യം.
മണ്ണിനെയും ജലത്തെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ എമ്പാടും നടക്കുമ്പോൾ ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസ് നശിക്കുന്നത് കാണാതെ പോകരുത്. ചാൽ നിലനില്ക്കുന്ന പ്രദേശം സംരക്ഷിച്ച് സൗന്ദര്യവത്കരിച്ച്  ഈ പ്രദേശത്തെ വരുംതലമുറയ്ക്കായി നിലനിർത്തണം. ഒപ്പം മാലിന്യനിക്ഷേപം തടയുന്നതിന് വീഡിയോക്യാമറ സ്ഥാപിക്കുകയും വേണം. 
  -സി.ബി.ആദിത്യൻ. 
സീഡ് റിപ്പോർട്ടർ

December 23
12:53 2017

Write a Comment