ഇനിയെന്ന് പഠിക്കാനാണ് അധികാരികള്‍.....സെക്യൂരിറ്റി ജീവനക്കാരന് ഡെങ്കിപ്പനി
കൊച്ചി: ഡെങ്കിപ്പനിയടക്കമുള്ള മഴക്കാലരോഗങ്ങള്‍ പടരുമ്പോഴും കൊതുതുവളര്‍ത്തല്‍ കേന്ദ്രമാണ് നഗരത്തിലെ കാനകളില്‍ പലതും.
തമ്മനം നളന്ദ പബ്ലിക് സ്‌കൂളിന്റെ മതില്‍ക്കെട്ടിന് ചേര്‍ന്നുള്ള കാന നീരൊഴുക്ക് നിലച്ച് മാലിന്യങ്ങള്‍കെട്ടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. കാനയിലെ മാലിന്യം നീക്കം ചെയ്യാതെ ആയതോടെ ഇവിടെ കൊതുകും ഈച്ചയും പെരുകിയിരിക്കുകയാണ്. കാന ഒഴുകിയെത്തിയിരുന്ന കൂരീത്തോടും മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന കാനയ്ക്ക് സ്ലാബിട്ട് മൂടിയിട്ടില്ല. സ്ലാബ് ഇടാനുളള ഫണ്ട് കൊച്ചിന്‍ കോര്‍പ്പറേഷനില്‍ നിന്ന് പാസായിട്ടുണ്ട്. ചില ഇടപ്പെടലുകള്‍കൊണ്ടാണ് കാന നിര്‍മ്മാണം പൂര്‍ണ്ണമാകാത്തതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
വിദ്യാലയത്തിന്റെ പ്രവേശന കവാടം മുതല്‍ സ്‌കൂളിന്റെ ഇടതുവശത്തെ കെട്ടിടത്തിലെ ക്ലാസു മുറികള്‍ വരെ കാനയില്‍ നിന്ന് വരുന്ന ദുര്‍ഗന്ധമാണ്. കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതും പഠിക്കാനിരിക്കുന്നത് ഈ ദുര്‍ഗന്ധം സഹിച്ചാണ്. സ്‌കൂളിനോട് ചേര്‍ന്നുള്ള സ്വാകാര്യകെട്ടിടത്തിലെ പൊട്ടിയ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യവും കാനയിലേക്കാണ് ഒഴുകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും ഇതിനെതിരെ പരാതി നല്കിയിട്ടും തീരുമാനമൊന്നും ആയിട്ടില്ല. കോര്‍പ്പറേഷനില്‍ നിന്ന് കാനയുടെ സ്ഥിതി വിലയിരുത്താന്‍ ആളുകള്‍ എത്തിയിരുന്നെങ്കിലും കാനയുടെ അവസ്ഥ പൂര്‍വ്വസ്ഥിതിയില്‍ തന്നെയാണ്. കൂടാതെ നളന്ദ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ്.
ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്ത വിധം ദുര്‍ഗന്ധമാണ് കാനയില്‍ നിന്ന് വരുന്നത്. ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍പോലൂം മൂക്ക് പൊത്തിയിരിക്കേണ്ട അവസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പറയുന്നത്. മേയറടക്കമുള്ള ജനപ്രതിനിധികള്‍ മുന്‍കൈയെടുത്താല്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കാന വൃത്തിയാക്കാമെന്നും അവര്‍ പറയുന്നു.
തമ്മനം നളന്ദ പബ്ലിക് സ്കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ എ.ലക്ഷ്‌മി
January 06
12:53
2018