reporter News

അറിയണം, പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്ന ‘ഞീഴൂർ മാതൃക’

        

        അറിയണം, പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്ന ‘ഞീഴൂർ മാതൃക

കോട്ടയം: മാതൃഭൂമി സീഡിന്റെ ‘ലവ് പ്ലാസ്റ്റിക്’ പദ്ധതി പ്രകാരമാണ്
ഞങ്ങളുടെ സ്കൂളിലെ സീഡ് പ്രവർത്തകർ  പ്ലാസ്റ്റിക്
മാലിന്യം ശേഖരിച്ചത്. ആഴ്ചയിലൊരിക്കൽ സ്കൂളിന്റെ സമീപ പ്രദേശങ്ങളിലും
കടകളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. വിദ്യാർഥികളും
അധ്യാപകരും തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക്കും എത്തിക്കും.മറ്റ് സ്കൂളുകളിലെ സീഡ് പ്രവർത്തകരും ചേർന്ന് സമാഹരിച്ച നാലായിരം കിലോഗ്രാം പ്ലാസ്റ്റിക്ക് മാലിന്യം പുനരുപയോഗത്തിന് വിധേയമാകാൻ ഞീഴൂർ പഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രത്തിലെ പ്ലാസ്റ്റിക്ക് ഷെഡ്ഡിങ് യൂണിറ്റിൽ എത്തിച്ചു. 
ഞീഴൂർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ 72 സ്ഥലങ്ങളിൽ 200 ലിറ്റർ
ശേഷിയുള്ള പ്ലാസ്റ്റിക് ബിന്നുകൾ സ്ഥാപിച്ചു. ഇവിടെ നിന്ന് ശേഖരിക്കുന്ന
പ്ലാസ്റ്റിക് പഞ്ചായത്തിന്റെ വനിതാ വ്യവസായ കേന്ദ്രത്തിലെ പ്ലാസ്റ്റിക്
ഷെഡ്ഡിങ് യൂണിറ്റിന്റെ സഹായത്തോടെ പൊടിക്കും. ഇത് റോഡ് ടാറിങ്ങിന്
ഉപയോഗിക്കും. ഇത്തരത്തിൽ വർഷത്തിൽ രണ്ട് റോഡുകൾ പഞ്ചായത്ത് പരിധിയിൽ ടാർ
ചെയ്യും. മാതൃഭൂമി സീഡ് സഹകരിച്ചാണ് പദ്ധതി.
സോളാർ ഓൺ ഗ്രിഡ് വൈദ്യുതി പദ്ധതി, തുമ്പൂർമൂഴി മോഡൽ എയ്റോബിക്
കമ്പോസ്റ്റ് യൂണിറ്റ് എന്നിവ 24 വീടുകളിൽ പ്രവർത്തിക്കുന്നു.
പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ച്
കെ.എസ്.ഇ.ബി. ക്ക് വൈദ്യുതി നൽകുന്നു. പ്രതിദിനം എട്ട് കിലോവാട്ട്
വൈദ്യുതി ഇവിടെ ഉല്പാദിപ്പിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യം പാതയോരങ്ങളിലും ആറ്റിലും വലിച്ചെറിയുന്നവർക്ക് ഈ
പദ്ധതി അടുത്തറിയാൻ കഴിഞ്ഞെങ്കിൽ! മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട് ഇത്തരം
വിജയകരമായൊരു പദ്ധതിയെക്കുറിച്ചറിയാൻ സാധിച്ചതിൽ ഞങ്ങൾക്ക് ഏറെ
അഭിമാനമുണ്ട്.
ജനങ്ങളും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ജില്ലാ,ബ്ലോക്ക്
പഞ്ചായത്തുകളും മാതൃഭൂമി സീഡും നൽകുന്ന പിന്തുണയാണ് പദ്ധതിയുടെ
വിജയത്തിന് കാരണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. മണിലാൽ,
സെക്രട്ടറി ജോണി മാത്യു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ
കൊട്ടുകാപ്പള്ളി എന്നിവർ പറഞ്ഞു.
 മെർലിൻ ഷിബു, സീഡ് റിപ്പോർട്ടർ, സെന്റ് മേരീസ് എച്ച്.എസ്.എസ്., കിടങ്ങൂർ.

February 03
12:53 2018

Write a Comment