reporter News

റോഡുകൾ മാലിന്യ നിക്ഷേപ സ്ഥലമോ ?

പാലക്കാട് .മേഴ്സി കോളേജിൽ നിന്ന് പിരായിരി പഞ്ചായത്തിലേക്കും മേലാ മുറിയിലേക്കുമുള്ള റോഡുകൾ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു .അഞ്ജലി ഗാർഡൻസ് ,വികാസ് നഗർ ,രാജീവ്നഗർ എന്നീ മൂന്നു കോളനികൾക്ക് നടുവിലായി മുനിസിപ്പാലിറ്റിയുടേയും പി രായിരി പഞ്ചായത്തിന്റേയും അതിർത്തിയായ പ്രധാന നിരത്തിന്റെ പകുതി വരെ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലിന്യം  ചിതറിക്കിടക്കുന്നത് സ്ഥിരം കാഴ്ചയാണ് .ഓരോ ദിവസവും മല പോലെ പൊങ്ങുന്ന ഈ മാലിന്യക്കൂമ്പാരങ്ങളുടെ ഉത്തരവാദികൾക്ക് പോലും അതിലൂടെ മൂക്കുപൊത്താതെ നടക്കാൻ വയ്യ .ഈ മൂന്നു കോളനികളുടേയും ,സമീപ പ്രദേശങ്ങളുടേയും മാലിന്യ നിക്ഷേപ കേന്ദ്രമായി ഈ റോഡ് മാറിയിരിക്കുന്നു. റോഡിന്റെ പകുതി വരെ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങളും അതിനെ ചുറ്റിപ്പറ്റുന്ന തെരുവുനായ്ക്കളും കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും വലിയ ഭീഷണിയാണ് .നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാറുണ്ട് . എല്ലാത്തരം മാലിന്യങ്ങളും നിക്ഷേപിക്കാനായി നാട്ടുകാർ കണ്ടെത്തിയ മറ്റൊരിടമാണ് മേഴ്സി കോളേജിൽ നിന്ന് മേലാ മുറിയിലേക്ക് തിരിയുന്ന റോഡ് .ദിവസവും ഇവിടെ രണ്ടു പേർ യാതൊരു സുരക്ഷാ കവചങ്ങളുമില്ലാതെ റോഡിലിരുന്ന് പ്ലാസ്റ്റിക് കവറുകളിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ചെടുക്കുന്നത് കാണാം .നഗ്നമായ കൈകൾ കൊണ്ട് ഇത്തരം പ്രവ്യത്തികളിൽ ഏർപ്പെടുന്നതിന്റെ  ഭവിഷ്യത്തുകളേപ്പറ്റി പാവങ്ങളായ തൊഴിലാളികൾക്ക് ആരും പറഞ്ഞു കൊടുക്കുന്നില്ല. രോഗികളും രോഗങ്ങളും പെരുകുന്ന നമ്മുടെ നഗരത്തിന് ഇതൊരു ശാപമാണ്  ഈ സ്ഥിതി തുടർന്നാൽ ഹരിത കേരളവും സ്വച്ഛ ഭാരതവും പാഴ്വാക്കാകും. തെരുവുനായ്ക്കളെ വന്ധീകരിച്ചതുകൊണ്ടു മാത്രമായില്ല .മാലിന്യ സംസ്കരണത്തിന് പുത്തൻ വഴികൾ തേടേണ്ടതുണ്ട് . ശാസ്ത്രീയമായ മാലിന്യ നിക്ഷേപത്തേക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന മുനിസിപ്പൽ പഞ്ചായത്ത് അധികൃതർക്കു മുന്നിൽ ഈ വാർത്ത സമർപ്പിക്കുന്നു.                        


 സാന്ദ്രാ സാറാ ബിനോയ്      
സീഡ് റിപ്പോർട്ടർ 
ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ 
പാലക്കാട് .        

February 07
12:53 2018

Write a Comment