SEED News

മാതൃഭൂമി സീഡ്' ജില്ല തല ഉദ്ഘാടനം കൊന്നമരം പൂവിട്ടു, സന്തോഷം പങ്കുവെച്ച് രാജമാണിക്യം

ആലുവ: കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പുതുതലമുറയ്ക്ക് 'മാതൃഭൂമി സീഡ്' പദ്ധതിയിലൂടെ കൈമാറിയത് നന്മയുടേയും പരിസ്ഥിതി സ്‌നേഹത്തിന്റേയും പുത്തന്‍ അറിവുകള്‍. മരവും വെള്ളവും മണ്ണുമില്ലാതെ നാമില്ലെന്ന പ്രകൃതിയുടെ സന്ദേശമാണ് സീഡംഗങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയത്. 
പത്താം വര്‍ഷത്തിലേയ്ക്ക്് ചുവട് വെയ്ക്കുന്ന 'മാതൃഭൂമി സീഡിന്റെ' ജില്ല തല ഉദ്ഘാടനം പ്രകൃതി സംരക്ഷണ പ്രഖ്യാപന വേദിയായി മാറി. വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണില്‍ അലിഞ്ഞു ചേരാത്ത, സഹജീവികളുടെ വംശഹത്യയ്ക്ക് തന്നെ കാരണമായേക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുമെന്നാണ് 'സീഡംഗങ്ങള്‍' ഉറക്കെ പറഞ്ഞത്. 
ആലുവയില്‍ പെരിയാറിന്റെ തീരത്തുള്ള അപൂര്‍വ്വ വൃക്ഷങ്ങളുടെ തോട്ടമായ 'ആര്‍ബറേറ്റ'മാണ് സീഡിന്റെ പത്താം വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തിന് വേദിയായത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. 
പരിസ്ഥിതി ദിനത്തില്‍ നടുന്ന വൃക്ഷതൈകള്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ഒരു വീട് പോലും വെയ്ക്കാന്‍ സ്ഥലം ഉണ്ടാവുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ അഞ്ചിന് തൈ നടും, പിറ്റേന്ന് അത് കാണാതാവും. ആയിരത്തിലധികം തൈകള്‍ നട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് താന്‍ നട്ട തൈ ഒരു മരമായി വളര്‍ന്ന് നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.  
ജില്ല കളക്ടറായിരുന്നപ്പോഴാണ് ആര്‍ബറേറ്റത്തില്‍ എം.ജി. രാജമാണിക്യം കൊന്നമരം നടുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കൊന്നമരം വളര്‍ന്നു, പൂവിട്ടു. താന്‍ നട്ട മരം അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. കണിക്കൊന്ന മരത്തിന് വെള്ളവും വളവും നല്‍കി.
അനുദിനം മലിനമായി കൊണ്ടിരിക്കുന്ന പെരിയാറിന്റെ തീരത്ത് വെച്ചാണ് കുട്ടികള്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിയത്. ഭൂമിയേയും പുഴയേയും പ്രകൃതിയേയും പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുമെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. കുട്ടികളുടെ ചോദ്യത്തിന് രാജമാണിക്യം മറുപടി നല്‍കി. 
ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് ചെയര്‍മാന്‍ ജോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഭൂമിയെ നാല് പ്രാവശ്യം മൂടാന്‍ കഴിയുന്ന പ്ലാസ്റ്റിക് നമ്മള്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് മൂലം പ്രകൃതി നശിച്ചാല്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ വേറെ ഗ്രഹങ്ങള്‍ തേടി യാത്രയാകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍, തമ്മനം നളന്ദ പബ്ലിക് സ്‌കൂള്‍, വാഴക്കാല നിര്‍മ്മാണ്‍ പബ്ലിക് സ്‌കൂള്‍, നോര്‍ത്ത് പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷണല്‍ സ്‌കൂള്‍, തൃക്കാക്കര മേരി മാത സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 'സീഡ'ംഗങ്ങളും അധ്യാപകരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. 
ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാര്‍ട്ടിന്‍ ലോവല്‍, പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ലിന്‍സി സേവ്യര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍, ഡി.ടി.പി.സി. ജില്ല സെക്രട്ടറി എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

June 06
12:53 2018

Write a Comment

Related News