SEED News

ആ മാവ് വളർന്നു; അതുനട്ട ആളിനേക്കാൾ


ചാരുംമൂട്: ആ മാവ് വളർന്നു; അതുനട്ട ആളിനേക്കാൾ വലുതായി. നാലുവർഷത്തിനുശേഷം അതേ മാവിൻചുവട്ടിൽ വെള്ളമൊഴിച്ചപ്പോൾ അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻസ്ജിമ്മി കെ.ജോസിന് ചാരിതാർഥ്യം. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കേ 2014 ജൂൺ അഞ്ചിനാണ് അദ്ദേഹം സ്‌കൂൾ വളപ്പിൽ മാവിൻതൈ നട്ടത്. മാതൃഭൂമി സീഡിന്റെ പത്താമത് ജില്ലാതല പ്രവർത്തന ഉദ്ഘാടനത്തിന് താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയപ്പോഴാണ് അദ്ദേഹം നട്ട നാട്ടുമാഞ്ചോട്ടിൽ എത്തിയത്.
കുട്ടികളിൽ പരിസ്ഥിതി സംബന്ധമായ ദിശാബോധം പകർന്നുനൽകാൻ സീഡ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഹരിതാഭമായ പ്രകൃതിയുടെ പാഠങ്ങൾ സീഡ് പകർന്നുനൽകി. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ ആൻഡ് ക്ലീൻ കാമ്പസ് എന്ന മുദ്രാവാക്യം സ്‌കൂളുകളിൽ നടപ്പാക്കിയതും സീഡിന്റെ വിജയമാണ്.
യുണൈറ്റഡ് നേഷൻസ് എൻവെയൺമെന്റൽ പ്രോഗ്രാമിന്റെ ഈ വർത്തെ മുദ്രാവാക്യം ബീറ്റ് പ്ലാസ്റ്റിക് എന്നാണ്. മാതൃഭൂമി നടപ്പാക്കി വിജയിപ്പിച്ച ലൗപ്ലാസ്റ്റിക് പദ്ധതി തന്നെയാണ് ഇത്. സ്‌നേഹത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കുന്ന ഫിലോസഫിയാണ് കുട്ടികളിലൂടെ  മാതൃഭൂമി നടപ്പിലാക്കിയത്. തിന്മയെ ഇല്ലാതാക്കാൻ തിന്മയുടെ ഉറവിടത്തെ സ്നേഹിക്കുക. ലൗപ്ലാസ്റ്റിക് പദ്ധതിയുടെ വിജയവും ഇതുതന്നെയായിരുന്നു-അദ്ദേഹം പറഞ്ഞു.   
എന്റെ നാടിനോടും സമൂഹത്തോടും ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയും വലിച്ചെറിയുകയുമില്ല.... എന്നുള്ള സീഡ്പ്രതിജ്ഞ വിദ്യാർഥിനിപി.കൃഷ്ണ ചൊല്ലിക്കൊടുത്തു.മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ അധ്യക്ഷനായി.സ്‌കൂൾ കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം ഫെഡറൽ ബാങ്ക് മാവേലിക്കര ഡെപ്യൂട്ടി വൈസ്‍പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് വി.എം. തുഷാര നിർവഹിച്ചു.
മാവേലിക്കര ഡി.ഇ.ഒ. സുബിൻപോൾ, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ എൻ.ഗണേശൻ, സ്‌കൂൾ മാനേജർ പി.രാജേശ്വരി, ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പി.ടി.എ. വൈസ് പ്രസിഡന്റുമാരായ എസ്.ഷാജഹാൻ, ചന്ദ്രബാബു, എൽ.എസ്.ജി. കൺവീനർ ജി.സാം, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.   

June 08
12:53 2018

Write a Comment

Related News