ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം - എം.കെ. രാഘവൻ എം.പി.
കോഴിക്കോട്: ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് സീഡ് പ്രവർത്തകരായ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. മാതൃഭൂമി, ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീഞ്ചന്ത ആർ.കെ. മിഷൻ എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംവാദം മാത്രമല്ല, പ്രവർത്തനമാണ് വേണ്ടതെന്ന് കഴിഞ്ഞ ഒമ്പത് വർഷത്തെ സീഡിന്റെ പ്രവർത്തനം തെളിയിക്കുന്നുണ്ടെന്നും എം.പി. പറഞ്ഞു. ജില്ലയിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിവരുന്നത് ആശങ്കാജനകമാണ്. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മാതൃഭൂമി നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് പേപ്പർ പേന നൽകിയാണ് എം.പി. ഉദ്ഘാടനം നിർവഹിച്ചത്. ബിലാത്തികുളം ബി.ഇ.എം. യു.പി. സ്കൂളിലെ കുട്ടികളാണ് പേന നിർമിച്ചത്.
പ്ലാസ്റ്റിക്കിനെതിരായ പ്രതിജ്ഞയോടെയാണ് സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഫെഡറൽ ബാങ്ക് സോണൽ ഹെഡ് ആൻഡ് വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷനായി.
ഫോറസ്റ്റ് അസി. കൺസർവേറ്റർ വി. സന്തോഷ് കുമാർ, കോഴിക്കോട് എ.ഇ.ഒ. ടി. ഹമീദ് കുട്ടി, ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർ പി. പ്രകാശ്, ആർ.കെ. മിഷൻ എച്ച്.എസ്.എസ്. മാനേജർ സ്വാമി വീത സംഘാനന്ദ, പ്രിൻസിപ്പൽ ജി. മനോജ് കുമാർ, പ്രധാനാധ്യാപകൻ ഒ.പി. വാസുദേവൻ നമ്പൂതിരിപ്പാട്, മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.