SEED News

ഇടമലക്കുടിയിലും കവക്കാട്ട് കുടിയിലെ കാണി ആദ്യ തൈ നട്ടു

തൊടുപുഴ: സംസ്ഥാനത്തെ ആദ്യഗോത്രവര്ഗപഞ്ചായത്തായ ഇടമലക്കുടിയിലും ഇനി മാതൃഭൂമി സീഡ്.  പഞ്ചായത്തിലെ ഏക  വിദ്യാലയമായ ഗവ.ട്രൈബല് എല്.പി. സ്കൂളില് കവക്കാട്ട് കുടിയിലെ കാണി രാജ്കുമാര് ആദ്യ തൈ നട്ടത് മാതൃഭൂമി സീഡിന് ചരിത്രനിമിഷമായി. ഇടമലക്കുടി സ്കൂളിലെ ആദ്യ ക്ലബ്ബെന്ന നേട്ടവും ഇതോടെ മാതൃഭൂമി സീഡിന് സ്വന്തമായി. 
സമൂഹ നന്മ കുട്ടികളിലൂടെ എന്ന ആപ്തവാക്യവുമായി മുന്നേറുന്ന മാതൃഭൂമി സീഡിന്റെ പത്താംവാര്ഷികത്തിലാണ് ഇടമലക്കുടിയിലേയും കൊച്ചുകൂട്ടുകാര് പദ്ധതിയുടെ ഭാഗമായത്. എല്.പി.സ്കൂളുകളെക്കൂടി സീഡ് പദ്ധതിപ്രവര്ത്തനങ്ങളില് പങ്കാളികളാക്കിയതാണ് ഇടമലക്കുടി ജി.ടി.എല്.പി.സ്കൂളിനും ഭാഗ്യമായത്. 
സ്കൂളിലെ മുഴുവന് വിദ്യാര്ഥികള്ക്കും മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നല്കിയ ഫലവൃക്ഷത്തൈകളുടെ വിതരണം ഇടമലക്കുടി പഞ്ചായത്തംഗം അമരാവതി നിര്വഹിച്ചു. സ്കൂളില് നട്ട തൈകള്ക്ക് സംരക്ഷണവേലി സ്ഥാപിച്ച്  കുട്ടികള് ഏറ്റെടുക്കുകയും ചെയ്തു.  പ്രഥമാധ്യാപകന് രവിചന്ദ്രന് മാതൃഭൂമി സീഡ് പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.സുധീഷ്, സ്കൂളിലെ  സീഡ് അധ്യാപക കോര്ഡിനേറ്ററായ ഡി.ആര്.ഷിംലാല് എന്നിവര് സംസാരിച്ചു. 
15 കിലോമീറ്റര് നടക്കണം 
മൂന്നാറില് നിന്നും വാഹനത്തില് പെട്ടിമുടി എത്തി  ഉള്വനത്തിലൂടെ 15 കിലോമീറ്ററിലൂടെ കാല്നടയായി സഞ്ചരിച്ചാലെ ഈ സര്ക്കാര് വിദ്യാലയത്തില് എത്തിച്ചേരാന് സാധിക്കൂ. കിലോമീറ്ററോളം ചിതറിക്കിടക്കുന്ന വിവിധ കുടികളില് നിന്നും മണിക്കൂറുകള് സഞ്ചരിച്ചാണ് കുട്ടികള് സ്കൂളില് എത്തുന്നത്. അമ്പലപ്പാറക്കുടി,അമ്പലപ്പടി,കവക്കാട്ടുകുടി,മീന്കുത്തി, കണ്ടത്തിക്കുടി,ഷെഡുകുട്ടി,നടുക്കുടി,ആണ്ടവന്കുടി എന്നിവിടങ്ങളില് നിന്നാണ് കുട്ടികള് വരുന്നത്.  2014-ല് കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ വി.സുധീഷ്, ഡി.ആര്.ഷിംലാല് എന്നിവര് അധ്യാപകരായി സ്കൂളിലെത്തി. ഇവര് മൂന്നാര് സ്വദേശിയായ പ്രഥമാധ്യാപകന് രവിചന്ദ്രനൊപ്പം ഗൃഹസന്ദര്ശനം നടത്തിയതോടെ കുട്ടികളുടെ എണ്ണവും വര്ധിച്ചു. ആദിവാസി വിഭാഗത്തില് നിന്നുതന്നെയുള്ള  അധ്യാപകരായ വ്യാസ്,ചന്ദ്രവര്ണന് എന്നിവരും ഇവരോടൊപ്പം ചേര്ന്നു.ഇപ്പോള് 52 വിദ്യാര്ഥികള് പഠനം നടത്തുന്നുണ്ട്. ഈ വര്ഷം 13 കുട്ടികളാണ് പുതിയതായി ചേര്ന്നത്. നാലാം ക്ലാസ് കഴിഞ്ഞാല് തുടര്പഠനം സാധ്യമല്ലാതിരുന്ന ഇവിടെ കഴിഞ്ഞവര്ഷം മുതല് എസ്.എസ്.എയുടെ ആഭിമുഖ്യത്തില് തുടര്പഠന സൗകര്യം ഒരുക്കി.  മഴക്കാലത്ത് അധ്യാപകര് തന്നെ തലച്ചുമടേന്തിയാണ് സ്കൂളിലെ ഉച്ചഭക്ഷണ സാധനങ്ങള് എത്തിക്കുന്നത്. 
പ്ലാസ്റ്റിക് പ്രധാനപ്രശ്നം 
വേനല് ആകുമ്പോള് ഇടമലക്കുടിയിലേക്ക് വാഹനങ്ങളില് ധാരാളം പേര്  എത്തും. ഇവരാണ് പ്ലാസ്റ്റിക് ഇവിടെ ഉപേക്ഷിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞവര്ഷം ഇടമലക്കുടിയില് പ്രചരണം നടത്തിയിരുന്നു. ഈ വര്ഷം മാതൃഭൂമി സീഡിന്റെ പദ്ധതിയായ ലവ് പ്ലാസ്റ്റികിലൂടെ ഇവ നിര്മാര്ജനം ചെയ്യാനാകും എന്നാണ് കരുതുന്നത്. അതിലൂടെ പ്ലാസ്റ്റിക് വിമുക്ത ഇടമലക്കുടി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകും. കുട്ടികളും രക്ഷിതാക്കളും മികച്ച പിന്തുണയാണ് നല്കുന്നത്. 
- ഡി.ആര്.ഷിംലാല്, മാതൃഭൂമി സീഡ്  കോര്ഡിനേറ്റര്, ഇടമലക്കുടി ഗവ. ട്രൈബല്  എല്.പി.സ്കൂള് 

July 18
12:53 2018

Write a Comment

Related News