പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നത് തടയാൻ ആരുമില്ലേ?
പള്ളിപ്പാട്: ഇറച്ചിക്കടകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ സ്കൂളിന് സമീപം തള്ളി. വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങളുമുണ്ട്. നടുവട്ടം വി.എച്ച്.എസ്.എസിന് സമീപം ചാക്കിൽ കെട്ടിയാണ് മാലിന്യങ്ങൾ തള്ളിയത്. കനത്ത മഴയെത്തുടർന്ന് ഇവിടെ റോഡിലെല്ലാം വെള്ളമാണ്. അതിലേക്കാണ് രണ്ട് ചാക്ക് നിറയെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞത്. പ്രദേശത്താകെ ദുർഗന്ധമാണ്. സഹിക്കാൻ വയ്യാതെ വന്നപ്പോൾ നാട്ടുകാർ കുഴിയെടുത്ത് മൂടുകയായിരുന്നു.
സ്കൂളിൽ പോകുന്ന വഴിയിലുള്ള വെള്ളത്തിലാണ് മാലിന്യം ഇട്ടത്. അവധിയായതിനാൽ കുട്ടികളെ ബാധിച്ചില്ല. എങ്കിലും സ്കൂൾ തുറക്കുമ്പോൾ ഇത് ബുദ്ധിമുട്ടാകം. സ്കൂളിലേക്കുള്ള വഴിയിൽ പലഭാഗങ്ങളിലും ഇതേ രീതിയിൽ മാലിന്യം വലിച്ചെറിയുന്നു.
നാലുകെട്ടുംകവലയിലേക്കുള്ള എൻ.ടി.പി.സി. റോഡിന്റെ ഇരുവശങ്ങളിലുമായി ഇറച്ചി അവശിഷ്ടങ്ങളും കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവയും കാണാം.
റോഡിലെ ഇറച്ചി അവശിഷ്ടങ്ങൾ തിന്നുന്ന തെരുവുനായ്ക്കൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. നടുവട്ടത്തെയും പരിസങ്ങളിലെയും വിദ്യാർഥികൾ നായ്ക്കൂട്ടത്തെ ഭയന്നാണ് യാത്രചെയ്യുന്നത്.
പള്ളിപ്പാട്ടും സമീപ പഞ്ചായത്തുകളിലും ലൈസൻസോടെ പ്രവർത്തിക്കുന്ന കോഴിക്കടകൾ തീരെക്കുറവാണ്. എന്നിട്ടും, നാട്ടിലാകെ മാലിന്യം തള്ളുന്ന കടകളുടെ എണ്ണം ഓരോ ദിവസവും കൂടിവരുന്നു.
അനധികൃതമായി പ്രവർത്തിക്കുന്ന കോഴിക്കടകൾ കണ്ടെത്തുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല.
പൊതുനിരത്തുകൾ മലിനമാക്കുന്നവർക്കെതിരേ നിയമനടപടി വേണമെന്ന് മാതൃഭൂമി സീഡ് നടുവട്ടം വി.എച്ച്.എസ്.എസ്. യൂണിറ്റ് ആവശ്യപ്പെട്ടു.
(സി.എസ്.സിദ്ധാർഥ്, സീഡ്
റിപ്പോർട്ടർ, ക്ലാസ്. 9,
നടുവട്ടം വി.എച്ച്.എസ്.എസ്, പള്ളിപ്പാട്
July 20
12:53
2018