reporter News

റോഡ് തോടായി, സ്‌കൂള്‍ യാത്ര ദുരിന്തമായി....

ആലുവ: തോട്ടുമുഖം - തടിയിട്ടപറമ്പ് റോഡ് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. നാല് മാസത്തോളമായി റോഡ് ഇങ്ങനെയായിട്ട്. തോട്ടുമുഖം ക്രസന്റ് പബ്ലിക്ക് സ്‌കൂളിലെ നിരവധി കുട്ടികളാണ് നടന്നും സ്‌കൂള്‍ ബസിലും മറ്റ് വാഹനങ്ങളിലുമായി റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡിന്റെ ഒരരികില്‍ ആഴത്തില്‍ കുഴിയെടുത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങിയതോടെണ് റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയത്. 
മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച പൈപ്പിടല്‍ ജോലി ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറന്നപ്പോള്‍, റോഡിലൂടെ നടന്നു പോകാന്‍ പോലും പറ്റാത്ത രീയില്‍ തകര്‍ത്തിട്ടിരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. സ്‌കൂളിലേയ്ക്ക് വാഹനങ്ങളില്‍ വരുന്നവര്‍ കുഴിയില്‍ ചാടി കുലുങ്ങി ബുദ്ധിമുട്ടിയാണ് എത്തുന്നത്. നടന്നു വരുന്നവര്‍ ചെളിയില്‍ ചവിട്ടി യൂണിഫോം ഉള്‍പ്പടെ വൃത്തികേടാകുന്നുണ്ട്. സ്‌കൂളിലെത്തിയ ശേഷം ചെളി കഴുകി കളഞ്ഞതിനു ശേഷമാണ് ക്ലാസില്‍ കയറുന്നത്. 
തോട്ടുമുഖത്ത് നിന്ന് ഒരു കിലോമീറ്റോളം ദൂരത്തിലാണ് ഈ രീതിയില്‍ പൈപ്പ് ലൈനിനായി പൊട്ടി പൊളിച്ച് റോഡ് കുഴിച്ചത്. ഇതിന് ഒത്ത നടുവിലാണ് തോട്ടുമുഖം ക്രസന്റ് പബ്ലിക്ക് സ്‌കൂളും. റോഡ് പൊളിഞ്ഞ് കിടക്കുന്നത് സ്‌കൂളിലെ 1500 ഓളം കുട്ടികളേയും അധ്യാപകരേയും മറ്റ് ജീവനക്കാരേയും ഒരു പോലെ ബാധിക്കുന്നുണ്ട്. 
റോഡിന് ഉയരം കൂട്ടുന്നതിന്റെ ഭാഗമായി മെറ്റല്‍ ഉപയോഗിച്ച് നേരത്തെ നിര്‍മ്മാണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ടാറിങ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കൂറ്റന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ മെറ്റല്‍ നീക്കി റോഡില്‍ കുഴിയെടുക്കുകയാണ് ഉണ്ടായിരുന്നത്. സ്‌കൂളിലേയ്ക്ക് ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ നിരവധി തവണ ഈ കുഴിയില്‍ വീണ് അപകടമുണ്ടായിട്ടുണ്ട്. ഈ ദുരിതത്തില്‍ നിന്ന് മോചനം നല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യം.

ആലുവ തോട്ടുമുഖം ക്രസന്റ് പബ്ലിക്ക് സ്‌കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ദേവിക ബാബു

August 11
12:53 2018

Write a Comment