ചെർക്കള - പുത്തൂർ അന്തർസംസ്ഥാന പാതയിൽ കരിങ്കൽ ചീളുകൾ ഇളകിത്തെറിച്ച് വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ വാഹനയാത്ര അപകടഭീതി തുടർന്നുകൊണ്ടിരിക്കുകയാണ്.വാഹനങ്ങൾ കടന്നുപോകുമ്പോൾ കരിങ്കൽ ചീളുകൾ തെറിക്കുന്നു.മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുകയും വേനൽക്കാലത്ത് പൊടിശല്ല്യം രൂക്ഷമാവുകയും ചെയ്യുന്നു.റോഡ് പുതുക്കിപ്പണിയുന്നതിന് 30 കോടിയിലധികം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണറിയുന്നത്.സർക്കാർ നടപടികൾ ഇഴയുന്നതാണ് പുനർനിർമ്മാണം വൈകുന്നത്.ബസ് ഓണേഴ്സും ഡ്രൈവർമാരും,ഓട്ടോ തൊഴിലാളികളും വാഹനപണിമുടക്ക് നടത്തുകയും നാട്ടുകാരും,എടനീരിലെ വിദ്യാർത്ഥികളും നിരവധിതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.മഴമാറിയതോടെ രാത്രികാലങ്ങളിൽ പൊടിശ്വസിച്ച് ശ്വാസതടസ്സവും ആസ്മരോഗവും അനുഭവപ്പെടുന്നതായി റോഡരികിലെ പരിസരവാസികൾ പറയുന്നു.
എടനീർ - എതിർത്തോഡ് റോഡിലെ വളവുകളിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ നിയമം തെറ്റിച്ച് വാഹനങ്ങൾ ഓടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.ഒരുവശം റോഡ് തകർന്നതാണ് വാഹനങ്ങൾ ഡിവൈഡറിന്റെ ഒരുവശത്തുകൂടി പോകാതിരിക്കാൻ കാരണമെന്ന് വാഹനഉടമകൾ പറയുന്നു.യാതൊരു അപകടസൂചനാ ബോർഡുകളും സ്ഥാപിക്കാത്ത ഈ വളവിൽ വലിയ ദുരന്തം പതിയിരിക്കുന്നുണ്ടെന്ന് സമീപത്തെ കുടുംബവാസികൾ പറയുന്നു.ഇരുഭാഗത്തുനിന്നും വരുന്ന വാഹങ്ങൾ ഒരുവശത്തുകൂടി പോകുന്നതുകൊണ്ടാണ് അപകടഭീതിയ്ക്ക് കാരണം.ഇതിനു മുൻപും ഇവിടെ വാഹനാപകടങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്.പുത്തൂർ റോഡിൽ പലസ്ഥലങ്ങളിലും അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും എതിർത്തോടിനടുത്തുള്ള ഈ കൊടും വളവിൽ മാത്രം യാതൊരു അറ്റകുറ്റപ്പണികളും നടന്നില്ല.മഴമാറിയതോടെ എതിർത്തോടിനടുത്തുള്ള ഡിവൈഡറുൾപ്പെടെ സ്ഥാപിച്ച ഈ വളവ് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ തീർത്ത്സൂചനാ ബോർഡുകളും സ്ഥാപിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് യാത്രക്കാരും,വാഹനഉടമകളും നാട്ടുകാരും വിദ്യാർത്ഥികളും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.