മോക്ഷം തേടി പാപ്പാനിക്കുളം
കൊച്ചി: ചെളിയും മാലിന്യവും അടിഞ്ഞുകൂടിയ ഉദയംപേരൂര്‍ പാപ്പാനിക്കുളം പുനര്‍ജ്ജനിയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എറണാകുളം -വൈക്കം റോഡില്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. സ്‌കൂളിന് മുമ്പിലുള്ള പാപ്പാനികുളം ഈ പ്രദേശത്തെ ആളുകളുടെ പ്രധാന കുടിവെള്ള സ്‌ത്രോസ്സായിരുന്നു. അര ഏക്കറിലേറെ വിസ്തൃതിയില്‍ സ്ഥിതി ചെയ്തിരുന്ന കുളം നികത്തി പോലീസ് സ്റ്റേഷന്‍ പണിയാനുള്ള നീക്കമുണ്ടായത് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ ഉപേക്ഷിച്ചിരുന്നു. ഉദയംപേരൂര്‍ സുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക് പുറമെ പ്രദേശത്തെ ആളുകള്‍ കുളിക്കാനും മറ്റും വലിയതോതില്‍ ആശ്രയിച്ചിരുന്ന കുളമായിരുന്നു ഇത്.
1984-ലെ റിസര്‍വ്വേയ്ക്ക് ശേഷം സര്‍ക്കാര്‍ പുറംപോക്ക് കുളമായി ഇത് മാറിയതോടെ ദുര്‍വിധിയും ആരംഭിക്കുകയായിരുന്നു. സംസ്ഥാന ജലസേവനവകുപ്പ് ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടത്തി 2014 - ല്‍ മന്ത്രിയായിരുന്ന കെ ബാബു നാടിന് സമര്‍പ്പിച്ച കുളമാണിത്. ചുറ്റുമതില്‍ കെട്ടി കല്‍പ്പടവുകളുള്ള ഈ കുളത്തില്‍ പുനരുദ്ധാരണത്തിനുശേഷം കുളിക്കാനിറങ്ങിയവര്‍ക്കും നീന്തല്‍ പഠിക്കാനിറങ്ങിയ കുട്ടികള്‍ക്കും ചൊറിച്ചലും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ കുളം വീണ്ടും ഉപയോഗിക്കാതെ ആയി.കുളത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതെ ആയതോടെ ചെളിക്കുളമായി ഇത് മാറി. മഴക്കാലത്ത് കുളം നിറഞ്ഞുകവിയുമ്പോള്‍ ഇവിടുത്തെ അധികജലം ഒഴുകിപ്പോകുവാനുള്ള ഓടകളും പ്രവര്‍ത്തനക്ഷമമല്ല. അടുത്ത കാലത്ത് നാട്ടുകാര്‍ മെമ്മോറാണ്ടം തയ്യറാക്കി പഞ്ചായത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. സമീപത്തെ പൊതുമേഖല സ്ഥാപനമായ ഐ.ഒ.സി. യുടെ സഹായത്തോടെ കുളവും പരിസരവും സൗന്ദര്യവത്ക്കരിക്കുവാനും ജലം ശുദ്ധിയാക്കാനുള്ള പരിശ്രമത്തിലുമാണ്. ഒരു പ്രദേശത്തിന്റെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം നല്‍കാന്‍ കഴിയുന്ന പാപ്പാനി കുളത്തിന്റെ ഹൃദയതാളം വീണ്ടെടുക്കാന്‍ അധികൃതരുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസിലെ മാതൃഭൂമി സീഡ് റിപ്പോർട്ടർ ഗോവിന്ദ് ബാബു
October 26
12:53
2018