തയ്യാറുണ്ടോ, ഫ്ളക്സ് ചലഞ്ചിന്?
അനധികൃത ഫ്ളക്സുകൾ നീക്കംചെയ്യാൻ ബഹുമാനപ്പെട്ട ഹൈക്കോടതി അനുവദിച്ച സമയം പൂർത്തിയായിക്കഴിഞ്ഞു. അതിനുശേഷം നഗരത്തിലൂടെ ഒന്നു യാത്രചെയ്ത് നോക്കി. സെക്രട്ടേറിയറ്റ് പരിസരം, പാളയം, പി.എം.ജി, പ്ളാമൂട്, പട്ടം എന്നിവിടങ്ങളിൽ ഇപ്പോഴും തോരണം കണക്കെ ഫ്ളക്സുകളുടെ നിരകൾ കാണാം. നീക്കംചെയ്തവ കഴിഞ്ഞുള്ള അധികൃതമായി ഉള്ള ഫ്ളക്സുകളാണിവ എന്ന് വ്യക്തം. ഫ്ളക്സുകൾ ഭൂരിഭാഗവും ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയുടെയോ നേതാവിന്റെയോ ചിത്രത്തോടുകൂടിയുള്ളതാണ്. മറ്റ് ചിലവ കൂറ്റൻ പരസ്യബോർഡുകളാണ്. വ്യക്തമായി ഒന്നു തരംതിരിച്ചാൽ നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് രാഷ്ട്രീയപാർട്ടികൾ, കച്ചവടസ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ, ടി.വി, സിനിമാ-സീരിയൽ മേഖല എന്നിവയാണ് എന്നു മനസിലാകും. ഫ്ളക്സ് ബോർഡുകൾ നിരോധിക്കണമെന്ന ആശയത്തിന് പിന്നിൽ അവ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളാണ് ഉള്ളത്. അധികൃതമായി സ്ഥാപിക്കുന്നത് കൊണ്ട് ഫ്ളക്സുകളുടെ പ്ളാസ്റ്റിക് സ്വഭാവം മാറുകയോ അവ പരിസ്ഥിതി സൗഹൃദമാവുകയോ ചെയ്യുന്നില്ല. അതിനാൽ സാംസ്കാരിക കേരളത്തിൽ പുത്തനൊരു പാരിസ്ഥിതിക മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ‘ഫ്ളക്സ് ചലഞ്ച്’ ഏറ്റെടുക്കാൻ ആരു മുന്നോട്ട് വരും ?, ഫ്ളക്സുകൾ സ്ഥാപിക്കുന്ന രാഷ്ട്രിയകക്ഷികൾ ഓരോരുത്തരായി ഫ്ളക്സ് ചലഞ്ചിന് തയ്യാറായാൽ നഗരത്തിലെ പകുതിയിലേറെ ഫ്ളക്സ് ബോർഡുകളും അപ്രത്യക്ഷമാകും. ആ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരും. അത് ക്രമേണ പ്ളാസ്റ്റിക് മുക്ത പരിസ്ഥിതി- സൗഹൃദ നഗര സൃഷ്ടിയിലേക്കുള്ള ചുവടുവയ്പായിരിക്കും. വരിക, ഫ്ളക്സ് ചലഞ്ചിലേക്ക്.