കോട്ടയില്‍കോവിലകത്ത് ചരിത്ര സ്മാരകങ്ങള്‍ കാടുപിടിച്ച് നശിക്കുന്നു
ചേന്ദമംഗലം:ചരിത്രമുറങ്ങുന്ന ചേന്ദമംഗലം കോട്ടയില്‍കോവിലകത്ത് പുരാതന ജൂത സെമിത്തേരിയും ഗുഹയും പരിസരവും കാടുകയറി നശിക്കുന്നു.
കേരളത്തിലെ ജൂതാധിവാസത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് സെമിത്തേരി. ഇത് സംരക്ഷിക്കും എന്ന് പലതവണ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ അനുദിനം നാശോന്മുഖമായിരിക്കുകയാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുഹ. കാടുകയറിയതോടെ ഇവിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു.
അത്യപൂര്‍വ്വമായ കല്‍ക്കുളം ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. കോട്ടയില്‍കോവിലകത്തുകാര്‍ ശുദ്ധജലത്തിനായി പോയകാലത്ത് ആശ്രയിച്ചിരുന്നത് ഈ കല്‍ക്കുളത്തെയായിരുന്നു. എന്നാല്‍ ഇന്നത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്. ആള്‍മറയില്ലാത്തതിനാല്‍ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്. ഇതിന് ആള്‍മറ കെട്ടി കുളം ശുചീകരിക്കണം.
പുരാവസ്തു കാര്യാലയത്തിന്റെ കീഴിലുള്ള ഇവിടം സംരക്ഷിക്കപ്പെടുന്നില്ല എന്ന പരാതി വ്യാപകമാണ്. ഇത് സംരക്ഷിത സ്മാരകമായി മാറ്റിയാല്‍ ചരിത്രന്വേഷികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രയോജനപ്പെടും. അധികാരികളുടെ ശ്രദ്ധ അടിയന്തരമായി ഇതിനുണ്ടാകണം.
December 17
12:53
2018