പുനർജന്മം കാത്ത് മാളക്കുളം
മാള: പ്രളയം നൽകിയ മുറിവിന് മരുന്ന് കാത്ത് മാളക്കുളം. കേരളത്തെ വെള്ളത്തിലാഴ്ത്തിയ പ്രളയം തകർത്തത് മാളക്കുളത്തെ മാത്രമല്ല സമീപവാസികളുടെ ഉല്ലാസ കേന്ദ്രത്തെ കൂടിയാണ്.2018ആഗസ്റ്റ് 16 നാണ് വഴിമാറിയൊഴുകിയെത്തിയ ചാലക്കുടിപ്പുഴ കുളത്തെയാകെ തകർത്തെറിഞ്ഞത്. രൗദ്രഭാവത്തിൽ സംഹാരരുദ്രയായെത്തിയ പുഴ കുളത്തിനടുത്ത് പാകിയ ടൈലുകളെല്ലാം തൂത്തെറിഞ്ഞു. സംരക്ഷണമതിലുകൾ ഇടിച്ചു വീഴ്ത്തി മനോഹരങ്ങളായ ശില്പങ്ങളെ മുട്ടുകുത്തിച്ചു.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കുളം നവീകരിച്ചത് .കുളത്തിനടുത്ത് സംരക്ഷണഭിത്തികൾ പണിതും ടൈൽപാകിയും ശില്പങ്ങൾ പണിതും കുളം മനോഹരമാക്കിയിരുന്നു.വസന്ത കാലത്ത് കുളത്തിനെ തൊട്ടു തൊട്ടില്ല എന്നഭാവത്തിൽ നിൽക്കുന്ന പൂമരം അടിമുടി പൂത്തു നിൽക്കുന്ന കാഴ്ച സർവ്വരുടേയും മനംമയക്കുന്നതാണ്.വൃത്തിയാക്കിയ ശേഷം കുറച്ചു നാൾമുൻപ് അവിടെ കുട്ടികളെ നീന്തൽ പഠിപ്പിച്ചു തുടങ്ങിയിരുന്നു.പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. പ്രളയശേഷം കുളം നവീകരിക്കാൻ തുടങ്ങിയിരുന്നു എന്നാലത് പാതിവഴിയിൽ നിലച്ചമട്ടാണ്.ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി മാളയിൽ വന്നതിൻ്റെ സ്മരണയ്ക്കായി രാജീവ് ഗാന്ധി സ്ക്വയർ എന്നുപേരിട്ട മാളക്കുളത്തിൻ്റെ രാജീവ് ഗാന്ധി സ്ക്വയർ എന്നപേര് പതിച്ച ഫലകം മാത്രം കേടൊന്നും പറ്റാതെ തലയുയർത്തി നിൽപ്പുണ്ട്. എത്രയും പെട്ടെന്ന് കുളം നവീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.മാളക്കുളം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് അഷ്ടമിച്ചിറ ഗാന്ധി സ്മാരക എച്ച്.എസ് സീഡ് ക്ലബ് അംഗങ്ങൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി .
അഭിനവ് ഐ വി
സീഡ് റിപ്പോർട്ടർ
ഗാന്ധി സ്മാരക എച്ച്.എസ്
അഷ്ടമിച്ചിറ
December 18
12:53
2018