മാലിന്യം നിറയുന്ന തോട്ടുമുഖം-കുട്ടമ്പേരൂർ തോട്
മാന്നാർ: മാന്നാറിന്റെ ജലസ്രോതസ്സുകളിൽ ഒന്നായ തോട്ടുമുഖം-കുട്ടമ്പേരൂർ തോട് (കലതിയിൽ തോട്) ഇന്ന് മലിന്യത്തോടായി മാറിയിരിക്കുകയാണ്. കോയിക്കൽ പള്ളത്തിന് സമീപത്തുകൂടി ഒഴുകിവന്ന് പമ്പാനദിയുമായി കൂടിച്ചേരുന്ന ഈ തോട് വർഷങ്ങൾക്ക് മുമ്പ് ആളുകൾ കുളിക്കാനും കുടിക്കാനും കൃഷിക്കായും ഉപയോഗിച്ചിരുന്നു.
15 മീറ്ററോളം വീതിയുണ്ടായിരുന്ന തോട് നാലുമീറ്ററായി ചുരുങ്ങിയിരിക്കുന്നു. റോഡുകളുടെ അശാസ്ത്രീയമായ നിർമാണം കാരണം ഒഴുക്കുനിലച്ച അവസ്ഥയിലാണ് ഈ തോട്. തോടിന് സമീപമുള്ള വീടുകളിൽനിന്ന് മലിനജലവും അസംസ്കൃതവസ്തുക്കളും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നു.
ഇങ്ങനെ മാലിന്യം കുന്നുകൂടിയതുമൂലം കോളിഫോംപോലെയുള്ള ധാരാളം രോഗാണുക്കൾ ജലത്തിൽ ഉണ്ടായി. കേരളത്തിൽ പ്രളയദുരന്തം ഉണ്ടായപ്പോൾ തോട്ടിലെ മലിനജലം സമീപമുള്ള വീടുകളിലേക്കും കടകളിലേക്കും ഒഴുകിയെത്തി. തോട്ടിലെ ജലത്തിലുള്ള രോഗാണുക്കൾ മനുഷ്യരിൽ ധാരാളം രോഗത്തിന് കാരണമാകുന്നു.
മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ തോടിന്റെ സ്ഥിതി. ഒരുപക്ഷേ, ഈ തോട് സഞ്ചാരയോഗ്യമാക്കിയാൽ പൈതൃകനഗരമായി സർക്കാർ പ്രഖ്യാപിച്ച മാന്നാറിന്റെ ഓട്ടുപാത്രനിർമാണത്തെക്കുറിച്ച് മനസ്സിലാക്കുവാൻ വിദേശികൾക്ക് സാധിക്കും. അത് നാടിന്റെ പ്രശസ്തി വർധിക്കാൻ സഹായകമാകും.
ഫസ്‌ന എ.ലത്തീഫ്
(സീഡ് റിപ്പോർട്ടർ
ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, മാന്നാർ)
December 21
12:53
2018