reporter News

പാഴാക്കല്ലേ ഒരുമണിപോലും

ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.3 ശതമാനം മാത്രമുള്ള കേരളത്തിൽ ഒരുവർഷം 40 ലക്ഷം ടൺ അരിയെങ്കിലും വേണമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. എന്നാൽ ഉത്പാദിപ്പിക്കുന്നതാകട്ടെ ഒൻപത്‌ ലക്ഷം ടൺ മാത്രം. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ വലിയ വിലകൊടുത്ത്‌ കൊണ്ടുവരുന്ന അരിയുടെ ഭക്ഷണം പാഴാക്കുന്നതിന്‌ ഒരു കുറവുമില്ല. ആ അരിയുണ്ടാക്കാൻ ചെലവഴിക്കുന്ന വെള്ളം, വൈദ്യുതി, മനുഷ്യാധ്വാനം, വളം, കീടനാശിനികൾ, ധനം എന്നിവകൂടി പരിഗണിച്ചാൽ ഭക്ഷണം പാഴാക്കലിലൂടെ നമ്മൾ വരുത്തുന്ന നഷ്ടം കുത്തനെ കൂടുകയാണ്‌.
ഭക്ഷണവിതരണ രീതി 
മാറ്റണം
  പരമ്പരാഗത ഭക്ഷണരീതിയിൽനിന്ന് വ്യതിചലിച്ച് ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്ക് പുത്തൻ തലമുറ വഴിമാറിയപ്പോൾ ഭക്ഷണം പാഴാക്കുന്നതിന്റെ തോത് വർധിച്ചു. തീൻമേശയിലെ ഭക്ഷണപ്പാത്രത്തിൽനിന്ന് തനിക്ക് നാവിന് രുചിയുള്ള ഭക്ഷണം മാത്രം അല്പം വാരിക്കഴിച്ച് ബാക്കി മുഴുവൻ എച്ചിലാക്കുകയാണ്‌ പലരും.
  പത്തിനും 25-നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കിക്കളയുന്നത്. അവർക്ക് പരമ്പരാഗത ഭക്ഷണത്തോട് താത്‌പര്യം കുറവാണ്‌. പുത്തൻ തലമുറയുടെ ഭക്ഷണത്തോടാണ്‌ ആഭിമുഖ്യം. ഭക്ഷണവിതരണരീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
  തീൻമേശകളിൽ ഭക്ഷണം വിളമ്പി ആളെ ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്ന രീതിയാണ് പല ഓഡിറ്റോറിയങ്ങളിലും കാണുന്നത്‌. 40 ശതമാനത്തോളം പേർ പകുതിവിഭവങ്ങൾ മാത്രം കഴിച്ച് ബാക്കി പാഴാക്കുകയാണ്. അതിൽ ഏറ്റവും കൂടുതൽ കുട്ടികളും യുവതികളുമാണ്. 45 വയസ്സിന് മുകളിലുള്ളവർ വാങ്ങിയ ഭക്ഷണം ഒരു മണി പോലും കളയാതെ കഴിക്കുന്നതായാണ്‌ കാണുന്നത്. 
  കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 1000 പേർക്ക് ഒരുനേരം ഭക്ഷണം ഒരുക്കാൻ 120-മുതൽ 125 കിലോഗ്രാം അരിയാണ് വേണ്ടത്‌. അതിൽ 15 മുതൽ 20 കിലോ അരിയുടെ ചോറെങ്കിലും  പാഴാകുന്നതായി പത്തും ഇരുപതും കൊല്ലം പാചകജോലിയിൽ ഏർപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. അതിനൊപ്പം എല്ലാ കറികളും പാഴാകുന്നു. ഭക്ഷണമുണ്ടാക്കാനാവശ്യമായ സാധനങ്ങൾ വിളയിച്ചെടുക്കാൻ ഉപയോഗിച്ച മനുഷ്യ പ്രയത്നം, പ്രകൃതിവിഭവങ്ങൾ, പണം, സമയം എന്നിവ പരിഗണിച്ചാൽ വലിച്ചെറിയുന്ന ഭക്ഷണ വസ്തുക്കളുടെ മൂല്യം വളരെ വലുതാണെന്ന്‌ വ്യക്തമാകും.  
ആവശ്യമുള്ളത്‌ മാത്രം 
വാങ്ങുക
    പാഴാക്കൽ കുറയ്ക്കാനുള്ള എളുപ്പവഴി ആവശ്യമുള്ളതുമാത്രം വാങ്ങിക്കുക എന്നതാണ്. സദ്യയിൽ ഭക്ഷണം വിളമ്പുമ്പോൾ കഴിക്കുന്ന ആളും വിളമ്പുന്ന ആളും ശ്രദ്ധിക്കണം. ആവശ്യമുള്ളതുമാത്രം വിളമ്പിയാൽ മതിയെന്ന്  തുറന്നുപറയാനുള്ള സന്മനസ്സെങ്കിലും കാണിച്ചാൽ പാഴാവുന്നത് ഒഴിവാക്കാം. ഭക്ഷണത്തോട് മുഖംതിരിക്കുന്ന തലമുറയല്ല നമുക്ക് വേണ്ടത്. ഭക്ഷണത്തെ ആദരിക്കുക, ആവശ്യമുള്ളത് മാത്രം എടുക്കുക, പാഴാക്കാതെ കഴിക്കുക തുടങ്ങിയ ആഹാരമര്യാദകൾ പാലിക്കുന്ന പുത്തൻ തലമുറയാണ് നമുക്കാവശ്യം.  ഭക്ഷണം പാഴാക്കുന്നത്‌ തടയാൻ നിയമം കൊണ്ടുവരാവുന്നതുമാണ്‌. ബോധവത്കരണവും ശക്തമാക്കണം.

February 09
12:53 2019

Write a Comment