SEED News

കൊതുകിനെ തുരത്താൻ സീഡ് കുട്ടികൾ

കരിമണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ചിലവിലുള്ള കൊതുകു കെണികളുമായി മാതൃഭൂമി സീഡ് കുട്ടികൾ. സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് കൊതുക് ശല്യം നിയന്ത്രിക്കാൻ ലളിതവും പരിസ്ഥിതി സൗഹൃദവുമായ മാർഗവുമായി മുന്നിട്ടിറങ്ങിയത്.
സ്കൂളിലെ രണ്ടായിരത്തി ഇരുന്നൂറിൽപരം വിദ്യാർത്ഥികളെയും നൂറോളം സ്റ്റാഫ് അംഗങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശം. ഒരേ ദിവസം കരിമണ്ണൂർ പ്രദേശത്തെ രണ്ടായിരത്തിലധികം വീടുകളിൽ ഈ കൊതുകുകെണി ഉപയോഗിക്കുന്നതിലൂടെ പ്രദേശത്തു സമ്പൂർണ കൊതുകുനിവാരണമാണ് ലക്ഷ്യം വയ്ക്കുന്നത്.
കൊതുകുകെണിയുടെ വിതരണോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്, സീഡ് കോഓർഡിനേറ്റർ സാബു ജോസ്, സീഡ് ക്ലബ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ടെക്നിക് ഇങ്ങനെ
ഉപയോഗം കഴിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുക്കണം. അത് കുപ്പിയുടെ മുകളിൽ കമിഴ്ത്തിവച്ചിട്ട് ഒരു ഗ്ലാസ്സ് ചെറു ചൂടുവെള്ളത്തിൽ 2 സ്പൂൺ പഞ്ചസാരയും ഒരു നുള്ള് യീസ്റ്റും ചേർത്ത് ഒഴിച്ച് വക്കണം. പ്രകാശം കടക്കാത്ത രീതിയിൽ ഒരു  പേപ്പർ വച്ച് കുപ്പി പൊതിയുകയും കൂടി ചെയ്താൽ കൊതുക് കെണി തയ്യാർ. പഞ്ചസാരയും യീസ്റ്റും ചേർന്ന് കഴിയുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡും ഇരുട്ടായ സ്ഥലവും കൊതുകകൾ ആകർഷിക്കും. വീടിന്റെ അകത്ത് ഏതെങ്കില്ലും ഒരു മൂലയിൽ വച്ചാൽ ഈ കെണിയിലേക്ക് കൊതുകുകൾ കുപ്പിക്കകത്ത് വീഴുകയും ചത്തു പോകുകയും ചെയ്യും.


  ഫോട്ടോ :കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള് തയ്യാറാക്കിയ കൊതുകുകെണിയുടെ വിതരണോദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ. നിർവഹിക്കുന്നു

June 29
12:53 2019

Write a Comment