reporter News

ജനസംഖ്യാ കണക്കെടുപ്പ്‌; സീഡ് പ്രവർത്തകർ പരിശീലനം നേടി

പന്തളം: പൂഴിക്കാട് ജി.യു.പി.സ്കൂളിലെ സീഡ് പ്രവർത്തകർ ജനസംഖ്യാ കണക്കെടുപ്പിൽ പരിശീലനം നേടിയത് കൂട്ടുകാരുടെയും അവരുടെ വീട്ടിലെ അംഗങ്ങളുടെയും കണക്കെടുത്താണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരുടെ വീടുകളിലെ അംഗങ്ങളെക്കുറിച്ച് അറിയുന്നതിനായി അവർ കൂട്ടുകാരുടെ വീടുകളിലെത്തി.

ലോക ജനസംഖ്യാദിനമായി ആചരിക്കുന്ന ജൂലായ്‌ 11-നാണ് അവർ കണക്കെടുപ്പ് തുടങ്ങിയത്. കുട്ടിയുടെ പേര്, ക്ലാസ്, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ആൺ, പെൺ എത്ര, 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം, 18 വയസ്സിന് താഴെയുള്ളവർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കി. സ്കൂൾ പരിസരത്തുള്ള കുട്ടികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ടാണ് സർവേയ്ക്ക് തുടക്കം കുറിച്ചത്.

വരുംദിവസങ്ങളിൽ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ച് ആൺ-പെൺ അനുപാതം, അണുകുടുംബം, കൂട്ടുകുടുംബം, മുതിർന്നവർ, കുട്ടികൾ തുടങ്ങിയ കണക്കുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. കൂടാതെ ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്. പ്രഥമാധ്യാപിക ബി.വിജയലക്ഷ്മി, സീഡ് കോ-ഓർഡിനേറ്റർ സുദീന, സീഡ് കൺവീനർ അഞ്ജു മാത്യു, അധ്യാപകരായ സിന്ധു, സുമ, സൂര്യ, സുരേഷ്, ശ്രീനാഥ്, നിഷ എന്നിവർ പങ്കെടുത്തു.

August 03
12:53 2019

Write a Comment