ടിപ്പറിൽ ഇറങ്ങിപ്പോകുന്നു വാഴമലയും നവോദയക്കുന്നും
മലതുരന്നുണ്ടാക്കിയ ക്വാറി കണ്ട് വിദ്യാർഥികൾ അന്പരന്നു. പാനൂർ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ സീഡ് ക്ലബ്ബ് നടത്തുന്ന പരിസ്ഥിതിപ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാർഥികൾ ക്വാറി കാണാൻ പോയത്. ക്വാറികളുടെ പുനരുപയോഗം സംബന്ധിച്ച വിഷയങ്ങളിൽ നടത്തുന്ന സെമിനാറിന്റെ ഭാഗമായിരുന്നു ആ യാത്ര. ക്വാറികൾ കരണ്ട് തിന്നുന്ന വാഴമലയും നവോദയക്കുന്നും കണ്ട് കുട്ടികൾക്ക് സങ്കടം അടക്കാനായില്ല.
മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പർ ലോറികളും കുന്ന് തുരന്ന് കടത്തുന്ന കാഴ്ച ആരെയും കരയിക്കുന്നതാണ്. വഴിയരികിൽ കണ്ട വെള്ളച്ചാട്ടത്തിൽ കുളിക്കാനുള്ള വിദ്യാർഥികളുടെ ശ്രമം ഒരാൾ തടഞ്ഞതും എല്ലാവരിലും സങ്കടം പടർത്തി. യാത്രയ്ക്കിടയിൽ കണ്ട കാഴ്ചകളെല്ലാം ഭയപ്പെടുത്തുന്നവയായിരുന്നു. അവിടെ കിളികളില്ല, മീനില്ല, മരങ്ങൾക്കും സ്ഥാനമില്ല.
തലമുറകൾക്കുള്ള പ്രകൃതിവിഭവങ്ങൾ വിറ്റുകിട്ടുന്ന പണത്തിൽ മാത്രമാണ് എല്ലാവർക്കും കണ്ണ്. സമീപത്തെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ ജീവനുപോലും വിലകൽപ്പിക്കാതെ പ്രവർത്തിക്കുന്ന ക്വാറിയുണ്ടാക്കുന്ന ഞെട്ടലോടെയാണ് വിദ്യാർഥികൾ കുന്നിറങ്ങിയത്.
പ്രഥമാഥ്യാപകൻ വിനോദൻ, അധ്യാപകരായ കനകൻ, മൃദുല എന്നിവർ യാത്ര നയിച്ചു.
August 23
12:53
2019