SEED News

ക്ലീൻ പള്ളിക്കലാർ ചലഞ്ചിൽ ഹരിതജ്യോതി സീഡ് ക്ലബ്ബും

കരുനാഗപ്പള്ളി : പള്ളിക്കലാറിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ക്ലീൻ പള്ളിക്കലാർ ചലഞ്ചിൽ പങ്കാളിയായി കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബും. പള്ളിക്കലാർ സംരക്ഷണസമിതിയും കേരള യൂത്ത് പ്രൊമോഷൻ കൗൺസിലുമാണ് ക്ലീൻ പള്ളിക്കലാർ ചലഞ്ചിനു പിന്നിൽ.

ഇതിനകം നിരവധി വള്ളം പ്ലാസ്റ്റിക് മാലിന്യങ്ങൾ പള്ളിക്കലാറ്റിൽനിന്ന്‌ നീക്കംചെയ്തു. സമൂഹത്തിൽനിന്നു വലിയ പിന്തുണയാണ് ക്ലീൻ പള്ളിക്കലാർ ചലഞ്ചിന് ലഭിക്കുന്നത്. പള്ളിക്കലാറിലെ ഒഴുക്ക്‌ തടസ്സപ്പെടുത്തുന്ന വിധത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിക്കിടക്കുന്നത്.

സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും ക്ലീൻ പള്ളിക്കലാർ ചലഞ്ചിന്റെ ഭാഗമായി. കല്ലുകടവുമുതൽ ചാമ്പക്കടവുവരെ പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ മൂന്നാംഘട്ട ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

സ്കൂൾ പി.ടി.എ.പ്രസിഡന്റ് വിനീത്‌, എസ്.എം.സി.വൈസ് ചെയർമാൻ രാഗേഷ്, അധ്യാപകരായ പ്രദീപ്, സജികുമാർ, സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

September 14
12:53 2019

Write a Comment

Related News