വേണം; സ്കൂൾ പരിസരത്ത് സൈൻ ബോർഡും ഹംപും
പുല്ലാട്: എസ്.വി.എച്ച്.എസ്. സ്കൂളിനുമുന്നിലുള്ള റോഡിൽ സ്കൂൾ സൈൻ ബോർഡും ഹംപും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ഹംപോ സൈൻ ബോർഡോ ഇല്ലാത്തതിനാൽ വാഹനങ്ങൾ ചീറിപ്പായുന്നസ്ഥിതിയാണ്. ഇതുകാരണം സ്കൂളിലേക്കെത്തുന്ന കുട്ടികൾ ഭയന്നാണ് റോഡിലൂടെ നടക്കുന്നത്. കഴിഞ്ഞവർഷം കേരളപ്പിറവി ദിനത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഒരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റ് കിഡ്നിക്ക് തകരാർ സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് ഹംപും സൈൻ ബോർഡും സ്ഥാപിക്കണമെന്ന് സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
സ്കൂളിന്റെ സമീപത്തുകൂടി പോകുന്ന റോഡിന്റെ സ്ഥിതിയും വളരെ ദയനീയമാണ്. ജലവിതരണത്തിനായി വാട്ടർ അതോറിറ്റി റോഡിന്റെ പകുതിഭാഗം കുഴിച്ചതു കാരണം റോഡ് പൊട്ടിപ്പൊളിഞ്ഞസ്ഥിതിയിലാണ്. തകർന്ന റോഡ് ശരിയാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
അഭിത വി.അഭിലാഷ്, സീഡ് റിപ്പോർട്ടർ, എസ്.വി.എച്ച്.എസ്. പുല്ലാട്
September 21
12:53
2019