പ്രളയത്തിൽ നൂറടിപ്പാലവും ശാന്തിപ്പാലവും തകർന്നു; മ്ലാമല ഒറ്റപ്പെട്ടിട്ട് മാസങ്ങൾ സ്കൂളിലെത്താൻ പെടാപ്പാട്
മ്ലാമല: രണ്ടാംപ്രളയത്തിൽ നൂറടിപ്പാലവും ശാന്തിപ്പാലവും തകർന്നു. മ്ലാമലക്കാർ പുറംലോകത്തേക്കെത്തുന്നതിന് വല്ലാതെ ബുദ്ധിമുട്ടുകയാണ്.
വള്ളക്കടവ്, വണ്ടിപ്പെരിയാർ, കീരിക്കര, ഏലപ്പാറ ചപ്പാത്ത്, ചെങ്കര, മൂങ്കലാർ പ്രദേശങ്ങളിൽ നിന്ന കുട്ടികൾക്ക് മ്ലാമല ഫാത്തിമ ഹൈസ്കൂളിലേക്ക് എത്തി ചേരാനുള്ള മാർഗമാണ് ഇത് മൂലം തടസപ്പെട്ടിരിക്കുന്നത്.
വണ്ടിപ്പെരിയാർ-തേങ്ങക്കൽ പാതയിലെ നൂറടി പാലം പീരുമേട് ടണലിലൂടെ ഒഴുകുന്ന ലാഡ്രം തോടിന് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. പാലം തകർന്നതോടെ ദൈനംദിന കാര്യങ്ങൾക്കായി വണ്ടിപ്പെരിയാർ ടൗണിനെ ആശ്രയിച്ചിരുന്ന പ്രദേശവാസികൾക്കുള്ള എക മാർഗമാണ് അടഞ്ഞത്. വണ്ടിപ്പെരിയാർ പ്രദേശത്തു നിന്നും മ്ലാമലലേക്ക് സ്കൂൾ ബസിൽ വരുന്ന കുട്ടികൾ പാലത്തിൽ എത്തുപ്പോൾ ബസിൽ നിന്ന് ഇറങ്ങി പാലത്തിലൂടെ നടന്ന് മറ്റൊരു സ്കൂൾ ബസിൽ കയറിയാണ് സ്കൂളിലേക്ക് പോകുന്നത്. പരീക്ഷ ദിവസങ്ങളിൽ കുട്ടികള്ക്ക് കൂടുതൽ ദുരിതമാണ്. മൂന്ന് നേരം അധ്യാപകരാണ് പാലം കയറി ഇറങ്ങുവാൻ സഹായിക്കുന്നത്. പാലത്തിന്റെ അപകടാവസ്ഥ അധികാരികൾ അറിഞ്ഞിട്ടുണ്ട്. ജനപ്രതിനിധികളും, നാട്ടുകാരും, കുട്ടികളും, നിവേദനങ്ങളിലൂടെയും, പരാതികളിലൂടെയും, അധികൃതരെ കാര്യങ്ങൾ അറിയിച്ചതാണ്. എന്നിട്ടും പരിഹാരമുണ്ടാകുന്നില്ല.
ഫോട്ടോ :തകർന്ന മ്ലാമല നൂറടിപ്പാലം
September 22
12:53
2019