ഹമ്പും സൂചനാബോർഡുകളുമില്ല ,അപകടഭീഷണിയായി കുമരംപുത്തൂർ എ.യു.പി.എസ്. റോഡ്
കുമരംപുത്തൂർ: സ്കൂൾപരിസരത്തെ ഗതാഗതത്തിരക്കേറിയ റോഡുകളിൽ ഹമ്പും സൂചനാബോർഡുകളുമില്ലാത്തത് വിദ്യാർഥികളെ വലയ്ക്കുന്നു. എ.യു.പി.എസ്. കുമരംപുത്തൂരിന് മുന്നിലുള്ള റോഡിലാണ് ഹമ്പും സൂചനാ ബോർഡുകളുമില്ലാത്തതിനാൽ വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്നത്.വാഹനങ്ങളുടെ ഇൗ മരണപ്പാച്ചിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് അപകടഭീഷണിയായിരിക്കുകയാണ്. സ്കൂൾപരിസരത്തുള്ള പ്രധാനപാതയായിട്ടുപോലും ഇവിടെ വേണ്ടത്ര ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.സ്കൂളിന് മുന്നിലുള്ള വളവുകാരണം അമിതവേഗത്തിൽ വരുന്ന വാഹനങ്ങളെ റോഡിന് നടുഭാഗത്തെത്തിയാൽമാത്രമേ കാണാൻ സാധിക്കൂ എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. സ്കൂളിലേക്ക് വരുന്നവരും, നടന്നുവരുന്ന കുട്ടികളും ഭയന്നാണ് റോഡ് മുറിച്ചുകടക്കുന്നത്. സ്കൂളിന് മുന്നിലുള്ള സീബ്രാലൈൻ പൂർണമായി മാഞ്ഞ അവസ്ഥയിലാണ്. ഇടയ്ക്കിടക്ക് സ്കൂളിന് മുന്നിൽ അപകടങ്ങളും സംഭവിക്കാറുണ്ട്. കൂടുതൽ അപകടങ്ങളുണ്ടാകാതിരിക്കാൻ ഇൗ പരിസരത്തെ റോഡിൽ ഹമ്പും സൂചനാബോർഡുകളും സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങൾ വിദ്യാർഥികളുടെ ആവശ്യം.
കെ. അജ്‌വദ്,അഞ്ചാം ക്ലാസ്
കുമരംപുത്തൂർഎ.യു.പി.എസ്.