SEED News

സ്കൂൾ മുറ്റത്ത് 25 വർണ കുടകൾ നിവർന്നു.


ഓസോൺ ദിനത്തിന്റെ രജത ജൂബിലിക്ക് മേലാങ്കോട്ട് തുടക്കമായി.
കാഞ്ഞങ്ങാട് : ഓസോൺ ദിനാചരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മാതൃഭൂമി സീഡ് യൂനിറ്റും  സ്കൂൾ ശാസ്ത്ര രംഗവും  സംഘടിപ്പിച്ച  വേറിട്ട പരിപാടി.ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1994 മുതലാണ് സെപ്തംബർ 16 ഓസോൺ ദിനമായി ആചരിച്ചു വരുന്നത്.
ഭൂമിയുടെ രക്ഷാകവചമായ ഓസോൺ പാളിയെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന ഇരുപത്തിയഞ്ച് മുദ്രാവാക്യങ്ങൾ എഴുതിയ തോരണങ്ങൾ കൊണ്ട് അലങ്കരിച്ച ഇരുപത്തിയഞ്ച് വർണക്കുടങ്ങൾ കയ്യിലേന്തിയാണ്  കുട്ടികൾ പരിപാടിയിൽ അണിനിരന്നത്.ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന വാതകക്കുടയെ നശിപ്പിക്കുന്ന ക്ലോറോ ഫ്ലൂ റോ കാർബൺ വാതകങ്ങളുടെ വ്യാപനം തടയാനുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സ്കൂളിലെ അഞ്ഞൂറിലധികം വരുന്ന കുട്ടികളും അധ്യാപകരും പ്രതിജ്ഞയെടുത്തു.വാഹനങ്ങളുടെയും എ.സി, ഫ്രിഡ്ജ് തുടങ്ങിയ കാർബൺ വാതകങ്ങൾ പുറത്ത് വിടുന്ന ഉപകരണങ്ങളുടെയും  ഉപയോഗം നിയന്ത്രിക്കാനുള്ള ഒരു വർഷം നീളുന്ന ബോധവൽകരണ പ്രവർത്തനങ്ങൾക്ക് സ്കൂൾ ശാസ്ത്ര രംഗം തുടക്കം കുറിച്ചു. പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.സണ്ണി കെ.മാടായി, വിനോദ്പി കല്ലത്ത്, പി. കുഞ്ഞിക്കണ്ണൻ, പി.പി.മോഹനൻ ,പി. ശ്രീകല, കെ.വി.വനജ, ബിന്ദു കൂവ കണ്ടത്തിൽ, പി. സ്മിത നേതൃത്വം നൽകി.
മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ സീഡ് യൂനിറ്റും ശാസ്ത്ര രംഗവും ഓസോൺ ദിനാചരണത്തിന്റെ രജത ജൂബിലി ഭാഗമായി നടന്ന പരിപാടിയിൽ നിന്ന്

September 28
12:53 2019

Write a Comment

Related News