നാദാപുരത്ത് കിണർവെള്ളം മലിനം: നാട്ടുകാർ ദുരിതത്തിൽ
കല്ലാച്ചി ജി.വി.എച്ച്.എസ്.എസ്. സ്കൂൾ.
കല്ലാച്ചി: നാദാപുരം പഞ്ചായത്തിലെ പത്താം വാർഡിൽ (വാണിയൂർ റോഡ്) കിണറുൾപ്പെടെയുള്ള ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നത് കാരണം നാട്ടുകാർ ദുരിതത്തിൽ. ഈ മേഖലയിലെ പല കിണറുകളിലെയും വെള്ളം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാൻ പറ്റാത്തത്ര മലിനമാണ്.
കിണർവെള്ളത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലാണെന്നാണ് പരിശോധിച്ചപ്പോൾ വ്യക്തമായത്. ഇത്തരം വെള്ളം കുടിക്കാനും മറ്റും ഉപയോഗിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മഴക്കാലത്ത് മാത്രമാണ് വെള്ളം അല്പമെങ്കിലും തെളിയുന്നത്. അപ്പോഴും പാചകത്തിനോ കുടിക്കാനോ അത് ആരും ഉപയോഗിക്കാറില്ല. ഇരുപതോളം വീട്ടുകാർ ഇതുകാരണം ബുദ്ധിമുട്ടുന്നുണ്ട്. ഈശ്വരംപുറത്ത് വീട്ടുകാർ 30 വർഷമായി താമസം തുടങ്ങിയിട്ട്. പത്ത് വർഷമായി കിണറ്റിലെ ജലം മലിനമാണെന്നാണ് പറയുന്നത്. അതിന് മുമ്പ് നല്ല വെള്ളമാണ് ലഭിച്ചിരുന്നത്.
ദൂരെയുള്ള വീടുകളിൽനിന്ന് പൈപ്പ് വഴി വെള്ളമെത്തിച്ചാണ് പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. അതിനുള്ള പണം വീട്ടുകാർ തന്നെയാണ് കണ്ടെത്തുന്നത്. ഇവിടത്തെ ചില വീടുകൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. മുപ്പതോളം ആളുകളാണ് ഒരുവീട്ടിൽ താമസിക്കുന്നത്. ഇത്തരം വീടുകളിലുണ്ടാകുന്ന കക്കൂസ് മാലിന്യവും ഇപ്പോൾ ഭീഷണിയാവുന്നുണ്ട്. എത്രയും പെട്ടെന്ന് കുടിവെള്ളപ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.