reporter News

തോട്ടിൻകര തോട് മാലിന്യമുക്തമാക്കണം

ചങ്ങൻകുളങ്ങര : ഓച്ചിറ പഞ്ചായത്തിലെ 13, 14 വാർഡുകളിൽ പുഞ്ചാക്കാ വയലിനെയും തഴവയലിനെയും ബന്ധിപ്പിക്കുന്നതാണ്‌ ഒന്നരക്കിലോമീറ്റർ ദൈർഘ്യമുള്ള തോട്ടിൻകര തോട്. ഒഴുക്ക് തടസ്സപ്പെട്ട് മാലിന്യം മൂടിക്കിടക്കുന്ന അവസ്ഥയിലാണ് തോട്. ഒരു ചെറിയ മഴ പെയ്താൽപ്പോലും ചങ്ങൻകുളങ്ങരയുടെ മിക്ക പ്രദേശങ്ങളും വെള്ളത്തിലാകാറുണ്ട്. സാമൂഹികവിരുദ്ധരുടെ ഒളിത്താവളങ്ങളിലൊന്നായി തോടിന്റെ കര മാറിയിരിക്കുകയാണ്.

മദ്യക്കുപ്പികളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പായലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയാണ്. രാത്രിയിൽ തോട്ടിലേക്ക് സ്ഥിരമായി കക്കൂസ് മാലിന്യം ഒഴുക്കാറുണ്ട്. പ്രദേശവാസികളുടെ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

തോടിനു സമാന്തരമായുള്ള റോഡിൽക്കൂടിയാണ് വിദ്യാർഥികൾ അടുത്തുള്ള സ്കൂളുകളിൽ പോകുന്നത്. അത്യാവശ്യം വേണ്ട കൈവരികൾ പോലും സ്ഥാപിച്ചിട്ടില്ല. നാലുപതിറ്റാണ്ട്‌ മുൻപ്‌ നിർമിച്ച പാർശ്വഭിത്തി ജീർണാവസ്ഥയിലാണ്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് തോട് വൃത്തിയാക്കുകയും മാലിന്യം തള്ളുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. റോഡും തോടും വേർതിരിച്ച് കൈവരികൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

October 19
12:53 2019

Write a Comment