SEED News

പക്ഷികളെ പഠിച്ചും നിരീക്ഷിച്ചും സീഡ് കുട്ടികളുടെ പഠനയാത്ര

പന്തളം: ഓലത്തുമ്പത്ത് ഊഞ്ഞാലാടുന്ന കുരുവിക്കൂട് ഇന്ന് അവർക്ക് അന്യമായി. വീടിന്റെ തൊടികളിൽ കലപില ശബ്ദമുണ്ടാക്കുന്ന കിളികളും വിരളമായി. എങ്കിലും പാടത്തും ചാലുകളിലും പാറിനടന്ന് കളിക്കുന്ന കിളികളെ അവർ കരിങ്ങാലിപ്പാടത്തിന്റെ കരയിൽ കണ്ടെത്തി. പൂഴിക്കാട് ഗവൺമെന്റ് യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരാണ് ദേശീയ പക്ഷിനിരീക്ഷണ ദിനമായ ചൊവ്വാഴ്ച പക്ഷികളെ അടുത്തറിയാൻ കരിങ്ങാലി പുഞ്ചയിലെത്തിയത്.

പക്ഷിനിരീക്ഷകനായ സലിം അലിയുടെ ജൻമദിനമായ പക്ഷി നിരീക്ഷണ ദിനത്തിൽ ആദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും കുട്ടികൾ പഠിച്ചു. നീർക്കാക്ക, പൊൻമാൻ, പരുന്ത്, വിവിധതരം കൊക്കുകൾ, ചിന്നക്കുട്ടുറുവൻ, കത്രിക പക്ഷി, കാക്കത്തമ്പുരാട്ടി, കുളക്കോഴി, കുരുവികൾ തുടങ്ങി വിവിധ പക്ഷികൾ കുട്ടികളുടെ കണ്ണിന് വിരുന്നൊരുക്കി. പൊൻമാന്റെ മീൻപിടിത്തവും നീർക്കാക്കയുടെ മുങ്ങാംകുഴിയിടലും കൗതുകക്കാഴ്ചകളായി. കൂട്ടത്തോടെ പറന്നുയർന്ന കൊക്കിൻ പറ്റവും അവർക്ക് മറക്കാനാവാത്ത അനുഭവമായി. സീഡ് കോ-ഓർഡിനേറ്റർ സുദീന ജൈവവൈവിധ്യ ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ നിഷ, സിന്ധു, രമണി എന്നിവർ നേതൃത്വം നൽകി.

November 16
12:53 2019

Write a Comment

Related News