reporter News

അധികാരികളേ കണ്ണുതുറക്കൂ.... ഞങ്ങൾക്കുവേണം ശുദ്ധവായു


അമ്പലപ്പുഴ: വീട്ടിലും വിദ്യാലയങ്ങളിലും തൊഴിൽസ്ഥാപനങ്ങളിലും മൂക്കുപൊത്തി കഴിയേണ്ട ജനതയാണ് കാപ്പിത്തോടിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ദുരിതത്തിന് പരിഹാരം തേടി ശ്വസിക്കാൻ ശുദ്ധവായുവിനായി സമരം ചെയ്യേണ്ടി വരുന്ന ദുരവസ്ഥയാണ് ജനങ്ങൾക്ക്. 
തോടിന്റെ ഇരുവശത്തുമുള്ള ചെമ്മീൻ പീലിങ് ഷെഡുകളാണ് മലിനീകരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. നൂറിനടുത്ത് ഷെഡുകളിൽ മൂന്നെണ്ണത്തിന് മാത്രമാണ് മലിനജല ശുദ്ധീകരണപ്ലാന്റ് സംവിധാനമുള്ളത്. അവതന്നെ പ്രവർത്തിക്കുന്നുമില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യന്തം മാരകമായ ശസ്ത്രക്രിയാമാലിന്യങ്ങളും രാസവസ്തുക്കളും കാപ്പിത്തോട്ടിലേയ്ക്കാണ് ഒഴുക്കുന്നത്. 
സമീപത്തെ വീടുകളിലെ ശൗചാലയമാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നു. കടകളിലെയും ഹോട്ടലുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളും, വീടുകളിലെ സി.എഫ്.എൽ. വിളക്കുകളും മറ്റും ഇവിടേക്കിടുന്നു. കാപ്പിത്തോടിന്റെ ശുദ്ധീകരണത്തിനായി സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആത്മാർഥമായി രംഗത്തിറങ്ങണമെന്നാണ് അഭ്യർഥന. 
സാമൂഹികപ്രതിബന്ധതയുള്ള വിദ്യാർഥികൾ എന്ന നിലയിൽ ഞങ്ങളും സഹകരിക്കും. ഞങ്ങളുടെ സ്‌കൂളിലെ അൻപത് ശതമാനം കുട്ടികളും കാപ്പിത്തോടിന്റെ സമിപപ്രദേശങ്ങളിൽ താമസിക്കുന്നവരും മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇരയാകുന്നവരുമാണ്.
എച്ച്.മിൻഹ,
 സീഡ് റിപ്പോർട്ടർ,
 എസ്.ഡി.വി. ഗവ. യു.പി.സ്കൂൾ, നീർക്കുന്നം.    

December 23
12:53 2019

Write a Comment