നിരോധനത്തിന്റെ പേരിൽ പ്ലാസ്റ്റിക് മാലിന്യം വഴിയിൽ തള്ളുന്നു
പാണ്ടനാട്: നിരോധനത്തിന്റെ പേരിൽ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം വഴിയിൽക്കൊണ്ടുതള്ളുകയാണ്. പാണ്ടനാട് കിളിയന്ത്ര ഭാഗത്താണ് മാലിന്യം കുന്നുകൂടിയത്. ചെങ്ങന്നൂർ-പരുമല റോഡിൽ ഏറെ തണൽമരങ്ങൾ നിറഞ്ഞ മനോഹരമായ സ്ഥലം ഇന്നിപ്പോൾ മാലിന്യക്കൂമ്പാരമാണ്. ദിനംപ്രതി ഇവിടെ മാലിന്യം കുമിഞ്ഞുകൂടുകയാണ്.
പ്ലാസ്റ്റിക് മാലിന്യം മാത്രമല്ല, ജൈവമാലിന്യങ്ങളും കണക്കിന് തള്ളുന്നതുകൊണ്ട് രൂക്ഷമായ ദുർഗന്ധമാണ് ഇവിടെ. ഒഴിഞ്ഞ സ്ഥലമായതുകൊണ്ട് മാലിന്യം തള്ളാനുള്ള സൗകര്യപ്രദമായ ഇടമായി നഗരത്തിലെ ഹോട്ടലുകളും ബേക്കറികളും ഇവിടം ഉപയോഗപ്പെടുത്തുന്നെന്ന് സംശയിക്കുന്നു.
പാണ്ടനാട് സ്വാമി വിവേകാനന്ദ സ്കൂളിലെ കുട്ടികളടക്കം നിരവധി യാത്രക്കാർ ഇതുവഴി കടന്നുപോകുന്നുണ്ട്. മൂക്കുപൊത്തിയല്ലാതെ ഇതുവഴി നടക്കാനാവില്ല.
ഇറച്ചിമാലിന്യം അടക്കമുള്ളവ കഴിക്കാനെത്തുന്ന തെരുവുനായ്ക്കളും കുട്ടികൾക്ക് ശല്യമാണ്.
പഞ്ചായത്ത് അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാർഡ് മെമ്പർ മുതൽ എം.എൽ.എ.വരെയുള്ളവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാൻ സ്വാമി വിവേകാനന്ദ സ്കൂൾ കുട്ടികൾ ഒരുങ്ങുകയാണ്.
January 20
12:53
2020