SEED News

ശ്രേഷ്ഠഹരിത വിദ്യാലയം പുരസ്കാരം വി.വി.എച്ച്.എസ്.എസിന്: പ്രായോഗിക മാതൃകകളുടെ നെറുകയിൽ താമരക്കുളം വി.വി.എച്ച്.എസ്.എസ്.

ചാരുംമൂട് : പ്രായോഗികതയിൽ മികവ് കാണിച്ചാണ്  താമരക്കുളം വി.വി.എച്ച്.എസ്.എസ്. ശ്രേഷ്ഠഹരിത വിദ്യാലയം പുരസ്കാരം നേടിയത്. പരിസ്ഥിതി സംരക്ഷണത്തിനായി തുണിസഞ്ചി നിർമിച്ചപ്പോൾ അത് കുട്ടികൾക്ക് വരുമാനമാർഗമാക്കി. കൂൺവളർത്തൽ ഉൾപ്പെടെയുള്ള കൃഷിയെല്ലാം വരുമാനവഴിയുംകൂടിയായി കുട്ടികൾ ഏറ്റെടുത്തപ്പോൾ പരിസ്ഥിതി പ്രവർത്തനംതന്നെ ഉഷാറായി. സ്കൂൾ ഒറ്റക്കെട്ടായി. അത് ശ്രേഷ്ഠ പുരസ്കാരത്തിലുമെത്തിച്ചു.   തളിര് സീഡ് ക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തിൽ എന്നും മുൻപന്തിയിൽ. സർക്കാർ പ്ലാസ്റ്റിക് നിരോധിക്കുംമുമ്പേ സീഡ്ക്ലബ്ബ് പ്ലാസ്റ്റിക് നിരോധനം സ്‌കൂളിൽ നടപ്പാക്കി. പ്രളയാനന്തര അതിജീവനത്തിനായി പ്രവർത്തിക്കുന്ന നോർത്ത് പറവൂരിലുള്ള ഒപ്പം കൂട്ടായ്മയ്‌ക്ക് തുണിസഞ്ചി നിർമിക്കുന്നതിനായി തുണി ശേഖരിച്ചു നൽകി. പ്ലാസ്റ്റിക് കവറുകളും ഉപയോഗശേഷമുള്ള പേനയും ശേഖരിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക്  ​​െഷ്രഡ്ഡിങ്‌ യൂണിറ്റിന് കൈമാറി. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാലയ വളപ്പിൽ കൃഷിയുണ്ട്. വഴുതന, വെണ്ട, നിത്യവഴുതന, പച്ചമുളക്, തക്കാളി, ചീര, ആഫ്രിക്കൻ മല്ലി, വാഴ, കറിവേപ്പ് തുടങ്ങിയവ കൃഷിത്തോട്ടത്തെ ഹരിതാഭമാക്കുന്നു. 
ജൈവകൃഷി കുട്ടികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു. ഇതിനായി കൃഷിഭവന്റെ സഹായത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്ത് വിതരണം ചെയ്തു. അധ്യാപകർക്കും വിദ്യാർഥികൾക്കും കൂൺകൃഷി പരിശീലനവും നൽകി. 300 വീടുകളിൽ കൂൺകൃഷി നടപ്പാക്കി. 500 സീഡ് ബോളുകൾ നിർമിച്ചു. സൂര്യഗ്രഹണ നിരീക്ഷണത്തിനായി സൗരകണ്ണടകൾ നിർമിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൂര്യഗ്രഹണ നിരീക്ഷണത്തിന് അവസരം ഒരുക്കി.
 വിദ്യാലയത്തിലെ ഔഷധത്തോട്ടത്തിൽനിന്ന്‌ ശേഖരിച്ച വിത്തുകൾ പാകിമുളപ്പിച്ച് കുട്ടികളുടെ നഴ്‌സറി ആരംഭിച്ചു. കുട്ടികളുടെ നഴ്‌സറി മറ്റുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി നന്മമരം ഡോക്യുമെന്ററി നിർമിച്ചു.
പാഴ്‌വസ്തുക്കളിൽനിന്ന് പഠനോപകരണങ്ങളും കളിപ്പാട്ടവും നിർമിക്കാൻ പരിശീലനം നൽകി. മണ്ണറിവ് പഠനയാത്ര നടത്തി പരിസ്ഥിതി സംരക്ഷണ രംഗത്തെ മാതൃകയായ വ്യക്തികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി. മണ്ണറിവ് ഡോക്യുമെന്ററി നിർമിച്ചു. ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.ഇ.ഡി. ബൾബുകൾ നിർമിച്ച് വിതരണം ചെയ്തു. ഊർജ സംരക്ഷണം, ജലസംരക്ഷണം, ലഹരി വിരുദ്ധദിനം, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സീഡ് കോ ഓർഡിനേറ്റർ ശാന്തി തോമസും അധ്യാപകൻ റാഫിരാമനാഥുമാണ് സീഡ് പ്രവർത്തനങ്ങൾ നയിക്കുന്നത്.
സ്‌കൂൾ മാനേജർ പി.രാജേശ്വരി, പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത്, ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്. നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ. ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, സി.ആർ.ബിനു എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.

March 06
12:53 2020

Write a Comment

Related News