SEED News

ലോക്ഡൗൺ ദിവസങ്ങളിലും പ്രതിഭ തെളിയിച്ച് വിദ്യാർഥികൾ

ചാരുംമൂട്: വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ലോക്ഡൗൺ ദിവസങ്ങളെ ഉപകാരപ്രദമാക്കി നൂറനാട്  സി.ബി.എം. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ വിനായകും ദേവഗായത്രിയും ഫാത്തിമയും. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സജീവ പ്രവർത്തകരാണിവർ.അഞ്ചാം ക്ലാസ് വിദ്യാർഥിയായ എസ്.വിനായക് പൂച്ചട്ടി നിർമിക്കുന്നതിനും അതിൽ വിവിധതരം കൃഷികൾ ചെയ്യുന്നതിനും സമയം കണ്ടെത്തുന്നു. നൂലുകൊണ്ട് വിവിധ രൂപങ്ങൾ നിർമിക്കുന്നതിനും കഴിവുണ്ട്. കളരി അഭ്യാസവും ക്രിക്കറ്റ് പരിശീലനവും തുടർന്നു കൊണ്ടുപോകുന്നു. എരുമക്കുഴി കൊച്ചുതുണ്ടിൽ തെക്കെതിൽ സുവിമോൻ-നീതു ദമ്പതിമാരുടെ മകനാണ്.ഏഴാം ക്ലാസുകാരി ദേവഗായത്രി വിവിധ തരത്തിലുള്ള മൺപാത്രങ്ങൾ പെയിന്റ് ചെയ്ത് ആകർഷകമാക്കി. മുറ്റത്തെ പൂന്തോട്ടത്തിലുള്ള ചെടിച്ചട്ടികൾക്ക് നിറം നൽകി. കുറ്റിമുല്ലയുടെയും വാഴയുടെയും പരിപാലനം നടത്തി. ഇതേ സ്‌കൂളിലെ അധ്യാപികയും മാതൃഭൂമി സീഡ് കോ-ഓർഡിനേറ്ററുമായ ആർ.സിനിയുടെയും പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിലെ അധ്യാപകനും സീഡ് കോ-ഓർഡിനേറ്ററുമായ ആർ.രാജേഷിന്റെയും മകളാണ്.
ഉപയോഗശൂന്യമായി വലിച്ചെറിയുന്ന സാധനങ്ങൾ കൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കുകയാണ് ഏഴാം ക്ലാസുകാരി ഫാത്തിമ. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, കപ്പുകൾ, പത്രങ്ങൾ എന്നിവ കൊണ്ട്  മനോഹരമായ വസ്തുക്കൾ നിർമിച്ചെടുക്കുന്ന ഫാത്തിമ സ്‌കൂൾ ആർട്ട് ആൻഡ്  ക്രാഫ്റ്റ് ക്ലബ്ബിന്റെ സജീവ സാന്നിധ്യവുമാണ്. ആദിക്കാട്ടുകുളങ്ങര വെടിയറഭവനിൻ സിറാജുദ്ദീൻ-ഹസീന ദമ്പതിമാരുടെ മകളാണ്.

June 10
12:53 2020

Write a Comment

Related News