SEED News

ഹൃദയപൂർവം സീഡ് വെബ്‌നാർ

കൊച്ചി: അറിവിന്റെ ഹൃദയം തൊടാനുള്ള ചോദ്യങ്ങളുമായി വിദ്യാർഥികൾ. ഉത്തരങ്ങളുടെ ആഴങ്ങളിലേക്ക് അവരുടെ കൈപിടിച്ച് ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ഡോക്ടർമാരുടെ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി 'സീഡ്' സംഘടിപ്പിച്ച വെബ്‌നാർ മികച്ച ചോദ്യങ്ങളുടേയും കൃത്യമായ ഉത്തരങ്ങളുടേയും ഹൃദയപൂർവമുള്ള വേദിയായി.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ചായിരുന്നു വിദ്യാർഥികളിൽ പലർക്കും ഏറെ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നത്. വൈകാരികമായ ഒട്ടേറെ തലങ്ങളിലൂടെയാണ് ഓരോ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും കടന്നുപോകുന്നതെന്ന് ഡോ. ജോസ് ചാക്കോ പറഞ്ഞു. അപരിചിതനായ ഒരാളിൽനിന്ന് ഹൃദയം സ്വീകരിച്ച് പ്രതീക്ഷകളുടെ പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഒരാളുടെ മനസ്സ് ഏറെ വൈകാരികമായിരിക്കും. ഒപ്പം മറുവശത്ത് മരണത്തിലേക്കു കടന്നുപോയ ഒരാളുടെ ബന്ധുക്കളുടെ മനസ്സും ഹൃദയത്തെ ഏറെ സ്പർശിച്ചിട്ടുണ്ടെന്ന് ഡോ. ജോസ് ചാക്കോ പറഞ്ഞു. കോവിഡ് കാലത്തെ ഹൃദയാരോഗ്യത്തിന്റെ കരുതലുകളെക്കുറിച്ചും കുട്ടികൾ ഡോ. ജോസ് ചാക്കോയോട് ഏറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഹൃദയം ഉൾപ്പെടെ ഏത്‌ അവയവത്തെ ബാധിക്കുന്ന രോഗമായാലും ശരി, അതു വരുന്നതിനു മുമ്പുള്ള പ്രതിരോധ ജീവിതശൈലികളിൽ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത വെബ്‌നാറിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് വി.വി. അനിൽ കുമാർ ആമുഖ പ്രസംഗം നടത്തി. മാതൃഭൂമി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം മോഡറേറ്ററായ വെബ്‌നാറിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്. പ്രകാശ് സ്വാഗതവും യൂണിറ്റ് മാനേജർ പി. സിന്ധു നന്ദിയും പറഞ്ഞു.

July 01
12:53 2020

Write a Comment

Related News