SEED News

മഹാമാരിയിൽനിന്നുള്ളഅതിജീവനം ചർച്ചയാക്കി വെബിനാർ

പത്തനംതിട്ട : കോവിഡിനൊപ്പം ജീവിക്കുന്നതെങ്ങനെയെന്നും കോവിഡാനന്തര ലോകത്തെപ്പറ്റിയുള്ള ആശങ്കകളുമായി വിദ്യാർഥികൾ. ഉത്തരങ്ങൾ നൽകിയും വിദ്യാർഥികളുടെ ആശങ്കകൾ ദുരീകരിച്ചും വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. പി.ബെന്നറ്റ് സൈലം. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി മാതൃഭൂമി സീഡ് സംഘടിപ്പിച്ച വെബിനാർ മികച്ച ചോദ്യങ്ങളുടെയും കൃത്യമായ ഉത്തരങ്ങളുടെയും വേദിയായി മാറി.

കോവിഡിനെപ്പറ്റിയായിരുന്നു വിദ്യാർഥികൾക്ക് അധികം അറിയേണ്ടിയിരുന്നത്. കോവിഡിനെ പ്രതിരോധിക്കേണ്ട രീതി മുതൽ കോവിഡിന് ശേഷമുള്ള കാലഘട്ടം എങ്ങനെയായിരിക്കുമെന്നുവരെ വിദ്യാർഥികൾ ചോദിച്ചറിഞ്ഞു. മറ്റ് രോഗങ്ങളെ പ്രതിരോധിക്കുന്നതുപോലെ തന്നെയാണ് കോവിഡിനെയും നേരിടേണ്ടതെന്ന് ഡോ. ബെന്നറ്റ് സൈലം പറഞ്ഞു. ശുചിത്വം ആണ് പ്രധാനം. കൈകാലുകൾ കഴുകുന്നതോടൊപ്പംതന്നെ മുമ്പ് ഉണ്ടായിരുന്ന പല ശീലങ്ങളും മാറ്റി ശുചിത്വം പാലിക്കുകയെന്നതാണ് ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാവരും പാലിച്ചാൽ മാത്രമേ ഇതിനെ ചെറുക്കാനാകൂ. കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുന്നത് വിലക്കുന്നത് രോഗം പിടിപെടാതിരിക്കാനാണ്. കുട്ടികളിൽ രോഗം വരാതിരിക്കാനായി രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ കൃഷികൾ, വ്യായാമം, കൃത്യസമയത്തെ ഭക്ഷണം തുടങ്ങിയവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതാണ്. ഈ രോഗം അത്ര പരിചിതമല്ലാത്തതും വാക്‌സിൻ കണ്ടെത്തിയിട്ടില്ലാത്തതിനാലും മോചനം വേഗമായേക്കില്ലെന്നാണ് വിലയിരുത്തൽ. കോവിഡ്-19 പുതിയ ശീലങ്ങളിലേക്ക് ജനങ്ങളെ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ, മൃഗങ്ങളിലേക്ക് പകരുമോ, ജൈവായുധമാണോ തുടങ്ങിയുള്ള കുട്ടികളുടെ നിരവധി സംശയങ്ങൾക്കും ഡോ. പി.ബെന്നറ്റ് സൈലം ഉത്തരം നൽകി. ജില്ലയിലെ വിവിധ സ്കൂളുകളിലെ സീഡ് ക്ളബ്ബംഗങ്ങളാണ് വെബിനാറിൽ പങ്കെടുത്തത്. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് പി.എ.ജോയ് ആമുഖ പ്രസംഗം നടത്തി. മാതൃഭൂമി പത്തനംതിട്ട ചീഫ് റിപ്പോർട്ടർ പ്രവീൺ കൃഷ്ണൻ സ്വാഗതവും എക്‌സിക്യുട്ടീവ് സോഷ്യൽ ഇനിഷ്യേറ്റീവ് എം.വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

July 02
12:53 2020

Write a Comment