SEED News

സീഡ് സംവാദത്തിൽ ചോദ്യങ്ങളുമായി കുട്ടികൾകോവിഡിനെ തോല്പിക്കുമെന്ന് ഡോക്ടറുടെ ഉറപ്പ്

കോഴിക്കോട്: ‘‘കോവിഡിനൊന്നും നമ്മളെ പേടിപ്പിക്കാനാവില്ല. അതിനെ പേടിപ്പിച്ച് നമ്മൾ മുന്നോട്ടു പോവും’’- ദേശീയ ഡോക്ടർദിനത്തിൽ മാതൃഭൂമി സീഡ് ഒരുക്കിയ ഓൺലൈൻ സംഗമത്തിൽ സംവദിക്കാനെത്തിയ ഡോ. എ.എസ്. അനൂപ് കുമാർ ഉറപ്പിച്ചുപറഞ്ഞപ്പോൾ വിദ്യാർഥികൾക്കെല്ലാം വലിയ സന്തോഷം.

വൈറസിനെതിരായ പോരാട്ടത്തിൽ ശാസ്ത്രത്തിനുള്ള നിർണായകപ്രാധാന്യം ആവർത്തിച്ചുറപ്പിച്ചുകൊണ്ടായിരുന്നു ഡോക്ടറുടെ വാക്കുകൾ. നിപയ്ക്കെതിരായ യുദ്ധത്തിൽ മുൻനിരപ്പോരാളിയായിരുന്ന അദ്ദേഹത്തിന്റെ വിവരണം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി തത്സമയം പങ്കെടുത്ത 20 വിദ്യാർഥികൾക്ക് പ്രചോദനമായി.

എന്തുകൊണ്ടാണ് ചിലരിൽമാത്രം കോവിഡ് മരണകാരണമാകുന്നത്, എപ്പോഴാണ് നമുക്ക് പഴയമട്ടിൽ കൂട്ടുകൂടിയുള്ള ജീവിതം സാധ്യമാവുക, ഈ വൈറസ് മനുഷ്യവംശത്തെ ഇല്ലാതാക്കാൻ വന്നതാണോ, കേരളസർക്കാർ കോവിഡിനെ നേരിടുന്നത് ഫലപ്രദമായ രീതിയിലാണോ... ഒട്ടേറെ ചോദ്യങ്ങളുണ്ടായിരുന്നു സീഡ് കൂട്ടുകാർക്ക്. കോവിഡിനൊപ്പം ജീവിക്കുകയേ കുറച്ചുകാലത്തേക്കെങ്കിലും സാധിക്കൂ എന്ന് ഡോക്ടർ വിശദീകരിച്ചു.

ഉത്കണ്ഠപ്പെടേണ്ട കാര്യമേയില്ല. ഈ രോഗംകൊണ്ട് ലോകാവസാനമൊന്നുമുണ്ടാകില്ല. എങ്ങനെ നേരിടാമെന്നതിനെപ്പറ്റി ശാസ്ത്രത്തിന് കൃത്യമായ ധാരണയുണ്ട്. അതനുസരിച്ച് പ്രവർത്തിക്കുന്നുമുണ്ട്. പരിമിതികളെക്കുറിച്ചും ബോധ്യമുണ്ടെന്നതാണ് ശാസ്ത്രത്തിന്റെ മികവ്. കൂട്ടായ്മയോടെ പ്രതിരോധിച്ചാൽ വൈറൽ രോഗങ്ങളുടെ ഭീഷണി മറികടക്കാനാവും. കേരളത്തിൽ സർക്കാർ മുന്നിൽ നിന്നുനയിക്കുന്നു, ജനം ഒന്നാകെ പ്രതിരോധിക്കുന്നു. ഇതൊരു ജനകീയ മുന്നേറ്റമാക്കാൻ സാധിച്ചുവെന്നതാണ് വിജയം. ആ ജാഗ്രത തുടരണം. എല്ലാവർക്കും അതിൽ പങ്കാളിത്തമുണ്ട്. ഏതു വിഷമവും പങ്കുവെക്കുമ്പോൾ കുറയും. മനസ്സിന് ആശ്വാസമുണ്ടാകും. സീഡ് പോലുള്ള കൂട്ടായ്മകൾ അതിനുള്ള നല്ല വേദിയാണെന്നും ഡോ. അനൂപ് കുമാർ പറഞ്ഞു.

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.എസ്. മോഹൻദാസ്, മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

July 02
12:53 2020

Write a Comment

Related News