SEED News

'കോവിഡ് അതിജീവനം കൃഷിയിലൂടെ' കൃഷി മന്ത്രിയുമായി ഓണ്‍ലൈനില്‍ സംവദിച്ച് സീഡ് വിദ്യാര്‍ഥികള്‍

കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതില്‍ മാതൃഭൂമിക്ക് വലിയ പാരമ്പര്യമുണ്ട് - മന്ത്രി വി.എസ്. സുനില്‍ കുമാര്‍.


കൊച്ചി: ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതില്‍ മാതൃഭൂമിക്ക് വലിയ പാരമ്പര്യമുണ്ടെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍.
'കോവിഡ് അതിജീവനം കൃഷിയിലൂടെ' എന്ന വിഷയത്തില്‍ സീഡ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഒരു പുതു തലമുറയെ വളര്‍ത്തിയെടുക്കുന്നത് മാതൃഭൂമിയുടെ പാരമ്പര്യത്തിന്റെ ഭാഗമായാണ്. എന്‍ഡോസള്‍ഫാന്‍, കൊക്കക്കോള വിഷയങ്ങളില്‍ മാതൃഭൂമി നടത്തിയ മൂവ്‌മെന്റുകള്‍, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകള്‍ എന്നിവയെല്ലാം ഉദ്ദാഹരണങ്ങളാണ്. ഇത്തരം മൂവ്‌മെന്റുകളില്‍ മാതൃഭൂമിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ ഇത്തരം പ്രസ്ഥാനങ്ങളിലെല്ലാം ആത്മവായി പ്രവര്‍ത്തിച്ചു. 12 വര്‍ഷത്തോളകാലം സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
വരുന്ന പതിറ്റാണ്ടില്‍ ലോകം മുഴുവന്‍ കേന്ദ്രീകരിക്കാന്‍ പോകുന്നത് കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലായിരിക്കും. വരുന്ന തലമുറയുടെ ഏറ്റവും വലിയ തൊഴില്‍ മേഖലയായി കാര്‍ഷിക രംഗം മാറും. വരുന്ന കാലഘട്ടത്തില്‍ നേരിടുന്ന പ്രശ്‌നം ഭക്ഷ്യ വസ്തുവിന്റെ ക്ഷാമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്താനുള്ള കേന്ദ്രങ്ങള്‍ തുടങ്ങുമോയെന്ന സീഡ് വിദ്യാര്‍ഥിയുടെ ചോദ്യത്തിന് ഇത് പരിഗണിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.
ദൈവം എന്നത് പ്രകൃതിയാണ്, ആ പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാതുഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം എന്നത് ബുദ്ധിജീവികളില്‍ ഒതുങ്ങി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിന് മാറ്റം വരുത്താന്‍ സീഡിനായി. യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തില്‍ കൊണ്ടുവരാന്‍ സീഡിനായി എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി 40 ലക്ഷത്തോളം കുട്ടികള്‍ സീഡിന്റെ പങ്കാളികളായി. ഇതില്‍ പകുതി കുട്ടികളെങ്കിലും ഈ അവബോധം മനസില്‍ വെച്ച് പരിസ്ഥിതി സംരക്ഷണവുമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷയുണ്ട്.
10 വര്‍ഷത്തിനിടെ 11 ലക്ഷത്തോളം കിലോഗ്രാം പച്ചക്കറി, മൂന്ന് ലക്ഷത്തോളം കിലോ നെല്ല്, അഞ്ച് മുക്കാല്‍ ലക്ഷത്തോളം കിലോ പഴവര്‍ഗങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കാനായി. 12 ലക്ഷത്തോളം വൃക്ഷങ്ങള്‍ നട്ട് പരിപാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജലം ഒരു കച്ചവട വസ്തു ആകുമെന്ന് 1984-ല്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ല, എന്നാല്‍ ഇന്ന് ഇത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. 2050 ആകുമ്പോള്‍ കുടിവെള്ളമുണ്ടാകുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് വീടുകളിലേക്ക് കൃഷിവകുപ്പിന്റെ പച്ചക്കറി വിത്തുകള്‍ നല്‍കുന്ന പദ്ധതിയില്‍ മാതൃഭൂമി ഭാഗമാകുമെന്നും അഞ്ച് ലക്ഷത്തോളം വിത്തിന്റെ പാക്കറ്റുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യം സ്ഷ്ടിക്കുന്നവര്‍ തന്നെ ഇത് നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും എം.വി. ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ വിദ്യാര്‍ഥികള്‍ അവരുടെ സ്‌കൂളിന് സമീപത്തെ കണ്ടല്‍കാടുകള്‍ നശിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ സ്ഥലം വാങ്ങി അവരെ തന്നെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചു. ഇതുപോലുള്ള കാര്യങ്ങള്‍ പ്രത്യാശ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും അഗ്രി, മൈക്രോ ആന്‍ഡ് റൂറല്‍ ബാങ്കിങ് നാഷണല്‍ ഹെഡുമായ കെ. മോഹനന്‍ സ്വാഗതവും, മാതുഭൂമി തൃശൂര്‍ യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണന്‍ നന്ദിയും പറഞ്ഞു. ക്ലബ് എഫ്.എമ്മിലെ രോഷ്‌നി മുരളീധരന്‍ സംവാദത്തിന് മോഡറേറ്റര്‍ ആയി.
സംസ്ഥാത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി സീഡിനെ പ്രതിനിധീകരിച്ചു 14 വിദ്യാര്‍ഥികള്‍ സംവാദത്തില്‍ പങ്കെടുത്തു. സംവാദത്തിന് ശേഷം മാതുഭൂമി മഞ്ഞുമ്മല്‍ ഓഫീസ് വളപ്പില്‍ വൃക്ഷ തൈ നട്ടാണ് മന്ത്രി മടങ്ങിയത്. ചടങ്ങില്‍ മാതുഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി. സിന്ധു പങ്കെടുത്തു.
July 25
12:53 2020

Write a Comment