കൺടെയ്ൻമെന്റ് സോൺ വാഹനങ്ങൾക്കോ മനുഷ്യർക്കോ...?
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൺടെയ്ൻമെന്റ് സോണുകളുടെ എണ്ണവും കൂടിവരികയാണ്. എറണാകുളം ജില്ലയിൽ മാത്രം നിരവധി കൺടെയ്ൻമെന്റ് സോണുകളുണ്ട്. ഈ നിയന്ത്രണം വാഹനങ്ങൾക്കാണോ, അതോ മനുഷ്യർക്കാണോ...?
കാരണം, മിക്കയിടത്തും പ്രധാന പ്രവേശന കവാടങ്ങളിൽ മാത്രമാണ് പോലീസുകാരും ബാരിക്കേഡുകളും ഉള്ളത്. ഇടറോഡുകൾ അടച്ചിരിക്കുന്നത് കയറും പൈപ്പും ഫ്ളക്സും മറ്റും ഉപയോഗിച്ചാണ്. ഇതിനിടയിലൂടെ ആർക്കും സുഖമായി കടന്നുപോകാവുന്നതേയുള്ളു. ആരും സോണിൽനിന്ന് പുറത്തിറങ്ങാതിരിക്കുന്നുമില്ല.
പോലീസ് സേനയും ആരോഗ്യപ്രവർത്തകരും ഭരണകൂടവും രാപകൽ ജനസുരക്ഷയ്ക്കുവേണ്ടി നിലകൊള്ളുമ്പോൾ, പൊതുജനത്തിന്റെ ഭാഗത്തു നിന്നുള്ള ഈ അലംഭാവം ആശങ്ക ജനിപ്പിക്കുന്നു.
മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ തുപ്പുകയും മൂക്കുചീറ്റുകയുമൊക്കെ ചെയ്യുന്നവർക്കും പിഴയേർപ്പെടുത്തുന്നതു പോലെ ഇക്കൂട്ടർക്കും പിഴ ഏർപ്പെടുത്തണം. എല്ലാ ഇടവഴികളിലും കൃത്യമായ ബാരിക്കേഡുകൾ ഉറപ്പിക്കുകയും ഇടയ്ക്കിടെ പോലീസ് പട്രോളിങ് നടത്തുകയും വേണം.
കൺടെയ്ൻമെന്റ് സോണിനകത്ത് കഴിയുന്നവർക്ക് വേണ്ടുന്ന ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയവയുടെ വിതരണത്തിനും സർക്കാർ സംവിധാനങ്ങളേർപ്പെടുത്തണം. ഇക്കാര്യങ്ങളിൽ സർക്കാരിന്റെ സത്വരശ്രദ്ധ പതിഞ്ഞില്ലെങ്കിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിന്റെ ഉദ്ദേശ്യംതന്നെ പരാജയപ്പെടും.
നിരഞ്ജൻ എസ്. കർത്ത
ഏഴാം ക്ലാസ് മാതൃഭൂമി സീഡ് റിപ്പോർട്ടർ,
ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ.
September 11
12:53
2020