കടലോരത്തെ കുട്ടികൾക്കും വേണം ഓൺലൈൻ പഠനത്തിന് അവസരം
പൊന്നാനി: മഴക്കാലത്തെ കടലാക്രമണത്തിന് ശമനമായെങ്കിലും പൊന്നാനി മുതൽ പാലപ്പെട്ടിവരെയുള്ള തീരങ്ങളിലെ കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസക്യാമ്പിലാണ്. ഇവിടങ്ങളിലെ കുട്ടികളുടെ ഓൺലൈൻ പഠനവും മുടങ്ങി. സംസ്ഥാനംമുഴുവൻ ടി.വി.യിലും മൊബൈലിലും ക്ലാസുകൾ കേൾക്കുമ്പോൾ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് തീരദേശമേഖലയിലെ കുട്ടികൾ. മതിയായ ഇന്റർനെറ്റ് സൗകര്യമോ ടി.വിയോ മിക്കവർക്കുമില്ല. ഉള്ളവർക്ക് റീചാർജ് ചെയ്യാൻ 200മുതൽ 300 രൂപവരെവേണം. അതിനുള്ള സാമ്പത്തികവുമില്ലാത്ത അവസ്ഥയാണ്. നിത്യവരുമാനം നിന്നിട്ട് മാസങ്ങളായി. കോവിഡ്-19 രൂക്ഷമായതിനെത്തുടർന്ന് അങ്കണവാടികളിലും ക്ലബ്ബുകളിലും നടന്നുവന്നിരുന്ന ഓൺലൈൻക്ലാസുകൾ നിർത്തലാക്കി.
എല്ലാവിദ്യാർഥികൾക്കും ലഭിക്കുന്നവിധത്തിൽ ഇന്റർനെറ്റ് മോഡം സ്ഥാപിക്കലാണ് മാർഗം. പഠനോപകരണങ്ങൾ നഷ്ടപ്പെട്ട് തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് വേവലാതിപ്പെടുകയും പഠനകാര്യങ്ങളിൽ ശ്രദ്ധചെലുത്താൻ കഴിയാതെ വരുകയും ചെയ്യുന്നവർക്ക് വേണ്ടത് എന്നും കേട്ടുകേൾവിയുള്ള സാന്ത്വനവാക്കുകളല്ല, കാരുണ്യത്തിന്റെകരങ്ങളാണ്. എന്നെന്നേക്കുമായുള്ള പുനരധിവാസവും. ഇതിന് സർക്കാർ മുൻകൈയെടുക്കണം.