നീക്കിയേ പറ്റൂ, വാഹനക്കൂമ്പാരം
തിരൂർ: ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടാണ് തിരൂർ. ചരിത്രത്തിന്റെ ഭാഗമായ വാഗൺ ട്രാജഡി സ്മാരകവും തിരൂരിൽത്തന്നെ. കാലംമായ്ക്കാത്ത ഓർമകളുടെ ശേഷിപ്പുകൾ കാണാൻ തിരൂർ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങുന്നവരുടെ കണ്ണിൽ ഉടക്കുക നമ്മുടെ ജീർണതയുടെ കാഴ്ചയാണ് -പോലീസ് സ്‌റ്റേഷൻ പരിസരത്ത് കൂട്ടിയിട്ട നിരവധി മോട്ടോർ വാഹനങ്ങൾ.
നിയമലംഘനത്തിനും മറ്റും വാഹനവകുപ്പും അധികൃതരും പിടിച്ചെടുത്തവയാണ് ഈ വാഹനങ്ങൾ.
ചക്രങ്ങൾ ദ്രവിച്ചും മറ്റുഭാഗങ്ങൾ തുരുമ്പിച്ചും പ്രകൃതിക്കും വഴിയാത്രക്കാർക്കും ഇവ ഭീഷണിയാകുന്നു. രാത്രിയിൽ സമൂഹവിരുദ്ധരുടെ വിളനിലവുമാണ് ഇത്തരം പ്രദേശങ്ങൾ. കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ വിഹാരകേന്ദ്രമാണ് ഇവിടം.
ഇവരുടെ വലയിൽ അകപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഒളിത്താവളവുമാണിവിടെ. കേസെടുത്ത അതേവേഗത്തിൽ തുടർനടപടികളും ഉണ്ടായാലേ വാഹനങ്ങൾ ഇവിടെനിന്ന് മാറ്റാൻ വഴിയൊരുങ്ങൂ. വാഹനങ്ങൾ ലേലംവിളിച്ച് ഒഴിവാക്കുകയോ അർഹമായ പിഴയോ മറ്റോ ചുമത്തി ഉടമസ്ഥരെ തിരിച്ചേൽപ്പിക്കുകയോ നിയമപരമായി നീക്കം ചെയ്യുകയോ വേണം.