reporter News

പുഴയിലേക്കുള്ള വഴിയിൽ മാലിന്യം.

ആലുവ: പുഴയെ അറിയണമെങ്കിൽ പുഴയെ കാണണം. നിറയെ മാലിന്യംകയറി, കടവിലേക്കുള്ള വഴിയടഞ്ഞു. പിന്നെങ്ങനെ പുഴയരികിലെത്തും. കീഴ്‌മാട് പഞ്ചായത്തിൽ ചൊവ്വര കടത്ത് ബസ് സ്റ്റോപ്പിനും ന്യൂ ഇറ ക്ലിനിക് ബസ് സ്റ്റോപ്പിനും ഇടയിലുള്ള കടവിലേക്കുള്ള വഴിയാണ് അടഞ്ഞത്.

മാലിന്യം നിറഞ്ഞതോടെ കടവിലേക്കുള്ള വഴിയരികിലൂടെ പോലും സഞ്ചരിക്കാൻ കഴിയുന്നില്ല. ഏറെ മാലിന്യം നിറഞ്ഞുകിടന്ന ഈ പ്രദേശം മുൻപ് സ്കൂൾ വിദ്യാർഥികൾ മന്ത്രിക്കയച്ച പരാതിയെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയതായിരുന്നു.

രണ്ടു വർഷം മുൻപുണ്ടായ പ്രളയത്തിന് ശേഷവും കടവും വഴിയുമെല്ലാം വൃത്തിയാക്കിയിരുന്നു.

പിന്നീട് ആരും തിരിഞ്ഞുനോക്കാനില്ലാതെയായി. പതിയെ റോഡരികിൽ മാലിന്യവും നിറഞ്ഞുതുടങ്ങി. മാലിന്യത്തിൽ കാടും വളർന്നതോടെ വഴിപോലും ആരും ശ്രദ്ധിക്കാതെയായി.

പുഴയിലേക്ക് പോകാൻ ഇവിടൊരു വഴിയുണ്ടായിരുന്നെന്നുപോലും ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ല. കാടുകൾ വെട്ടി വൃത്തിയാക്കി, മാലിന്യംനീക്കി പുഴയരികിലേക്ക് പോകാനുള്ള വഴി വീണ്ടെടുക്കണം.
പി .എ അബ്ദുൽ അഹദ് 
മാതൃഭൂമി  സീഡ് റിപ്പോർട്ടർ 
ജി.എഛ്.എസ് .എസ് .കുട്ടമശേരി 

September 28
12:53 2020

Write a Comment