അവഗണനയും കൈയേറ്റവും;പൂവാംപുഴ നശിക്കുന്നു
മണിയൂർ:മണിയൂരിലെ കാർഷിക, വ്യാപാര അഭിവൃദ്ധിക്ക് സഹായകരമായിരുന്ന പൂവാംപുഴ അവഗണനയും കൈയേറ്റവുംകൊണ്ട് വിസ്‌മൃതിയിലേക്ക് മായുന്നു. നീർമറികളിൽനിന്ന് ജലാശയത്തിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതും കുറ്റ്യാടി പുഴയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന് വീതി കുറഞ്ഞതും പുഴയുടെ സ്വാഭാവികത നഷ്ടപ്പെടാൻ കാരണമായി. ലാഭകരമല്ലാത്തതും തൊഴിലാളി ദൗർലഭ്യവും കാരണം നെൽക്കൃഷി കുറഞ്ഞതും തീരത്ത് തെങ്ങ് കൃഷി നടത്തിയതും പുഴയുടെ നാശത്തിന് കാരണമായി. മത്സ്യങ്ങൾ കുറയുകയും ജലഗതാഗതം ഇല്ലാതാവുകയും മനുഷ്യരുടെ ഇടപെടൽ കുറയുകയും ചെയ്തതോടെ പുഴയോരങ്ങൾ സാമൂഹികവിരുദ്ധരുടെ താവളവുമായി. പൂവാംപുഴ നശിച്ചതോടെ സമീപത്തുള്ള തോടുകളിലേക്കും കുളങ്ങളിലേക്കുമുള്ള ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്തു.
പൂവാംപുഴയിൽ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമല്ലാത്ത ചെടികളുടെ വളർച്ച കാരണം മത്സ്യ സമ്പത്ത് കുറഞ്ഞു. മണ്ണിട്ട് പുഴയുടെ കുറച്ചുഭാഗം നികത്തിയതോടെ ചുറ്റുമുള്ള തണ്ണീർത്തടങ്ങളിലേയും കിണറുകളിലേയും ജലനിരപ്പ് താഴ്ന്നു, വയനാടൻമലകളിൽ നിന്ന് ഉത്ഭവിച്ച് കൊയിലാണ്ടി, വടകര താലുക്കിലൂടെ ഒഴുകുന്ന കുറ്റ്യാടിപ്പുഴയുടെ പോഷകനദിയാണ് പൂവാംപുഴ. പ്രാദേശികമായി ഊവാമ്പുഴയെന്നും അറിയപ്പെടുന്ന പുഴ മണിയൂർ പഞ്ചായത്തിലെ 50 ഹെക്ടറോളം സ്ഥലത്ത് കൂടിയാണ് ഒഴുകുന്നത്.
മത്സ്യങ്ങളാൽ സമ്പന്നമായിരുന്നു മുമ്പ് ഈ പുഴ. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവയായിരുന്നു പുഴയോരത്ത് പ്രധാനമായും കൃഷി ചെയ്തിരുന്നത്. ഒരുകാലത്തു മണിയൂർ നേന്ത്രവാഴക്കുലയ്ക്ക് മാർക്കറ്റുകളിൽ നല്ല ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ കൃഷികളൊക്കെ കുറഞ്ഞു. ഔഷധ സസ്യങ്ങളായ ബ്രഹ്മി, കഞ്ഞുണ്ണി, പൂവാംകുറുന്നില, എന്നിവയാൽ സമ്പന്നമായിരുന്നു പൂവാംപുഴയോരങ്ങൾ. ഇപ്പോൾ ഇവയൊന്നും കാണാനേയില്ല.
ഇപ്പോൾ വേനൽക്കാലത്ത് പെരുവണ്ണാമൂഴി അണക്കെട്ട് തുറക്കുമ്പോൾ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതായും പ്രദേശത്തെ കർഷകർ പരാതിപ്പെടുന്നു.
നിലവിൽ പുഴയിൽ പായലും പ്ലാസ്റ്റിക് മാലിന്യവും കിടക്കുന്നതിനാൽ ജലസസ്യങ്ങളായ ആമ്പൽ, താമര എന്നിവയും നശിക്കുന്നു. ആവാസവ്യവസ്ഥ തകരുന്ന തരത്തിലേക്ക് പാഴ്‌മരങ്ങളും കളകളും വളർന്ന് വലുതാവുകയും കൃഷിഭൂമി ഉപയോഗശൂന്യമാവുകയും ചെയ്തു. പുഴ ഇപ്പോൾ കനാലിന്റെ വലുപ്പമായി മാറിയിരിക്കുന്നു. മണിയൂരിന്റെ പ്രതാപമായിരുന്ന പൂവാം പുഴയുടെ മനോഹാരിത തിരിച്ചുപിടിക്കാൻ അധികൃതരുടെ ശ്രദ്ധപതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.