കാക്കണം പൊസഡിഗുംബെയെ

പൈവളിഗെ: ടൂറിസത്തിന് അനന്തസാധ്യതയുള്ള ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് പൊസഡിഗുംബെ. സമുദ്രനിരപ്പിൽനിന്ന് 350 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൂന്ന് കുന്നുകളുള്ള ഈ മേഖല ഇന്ന് പരിസ്ഥിതിനാശത്തിന്റെ വക്കിലാണ്. സഞ്ചാരികൾ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനാൽ ഇവിടം വൃത്തികേടായി. ചെങ്കൽ ഖനനവും തനത് പച്ചപ്പുകളെ നശിപ്പിച്ച് നടക്കുന്ന വികസനവും റബ്ബർപോലുള്ള കൃഷിക്കായി കുന്നിന്റെ ഘടനയെ മാറ്റുന്നതും പൊസഡിഗുംബയുടെ നാശത്തിന് ഇടയാക്കുന്നു. അറബിക്കടൽവരെ നീളുന്ന മനോഹരക്കാഴ്ചകൾ, പുലർകാലത്തെ മഞ്ഞുമൂടിയ അന്തരീക്ഷം ഇതൊക്കെ സഞ്ചാരികളുടെ മനംകവരുന്ന പൊസഡിഗുംബെ കാഴ്ചകളാണ്. ദിവസവും നൂറുകണക്കിന് പേർ ഇവിടെയെത്താറുണ്ട്. അപൂർവ ഔഷധസസ്യങ്ങൾ വളരുന്ന ഇടവുമാണ്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ കുന്ന് സംരക്ഷിക്കാനുള്ള നടപടികളുണ്ടാകണം. പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള സൗകര്യങ്ങളൊരുക്കി പൊസഡിഗുംബെയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തണം.
സ്വർണഗൗരിസീഡ് റിപ്പോർട്ടർ