തുരങ്കപാത: പ്രതീക്ഷയോടെ മലയോരം
തിരുവമ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഔദ്യോഗികപ്രഖ്യാപനം തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തുമ്പോൾ മലയോരജനതയുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്. പാത കടന്നുപോകുന്ന തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മറിപ്പുഴ, കുണ്ടൻതോട് പ്രദേശങ്ങളുടെ സമഗ്രവികസനമാണ് പ്രതീക്ഷിക്കുന്നത്.വെള്ളരിമലയുടെ താഴ്‌വാരങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾക്ക് തുരങ്കപാത വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇരുവഴിഞ്ഞിപ്പുഴയും കൈവഴികളും ഒരുക്കുന്ന നയനാനന്ദകരമായ കാഴ്ചകാണാൻ ഇപ്പോൾത്തന്നെ ധാരാളം വിനോദസഞ്ചാരികളെത്തുന്നുണ്ട്. സ്വർഗംകുന്ന്, വട്ടപ്പാറമല, വാവൽപ്പൊത്ത്, മണൽക്കയം തുടങ്ങിയ മലനിരകളെ കോർത്തിണക്കി സാഹസികവിനോദസഞ്ചാരത്തിനും സാധ്യതയുണ്ട്.സ്വർഗംകുന്നിനെയും കണ്ണോത്ത് പാറയെയും ബന്ധിപ്പിക്കുന്ന റോപ് വേ സ്ഥാപിച്ചാൽ ഇരുവഴിഞ്ഞിപ്പുഴയുടെ ആകാശദൃശ്യം ആസ്വദിക്കാനാകും. വനാന്തർഭാഗത്തുള്ള വെള്ളരിമല, ഓലിച്ചാട്ടം എന്നിവയെ ഉൾപ്പെടുത്തി ഇക്കോ ടൂറിസം പദ്ധതിക്കും സാധ്യതയുണ്ട്. പ്രകൃതിക്ക് കോട്ടംതട്ടാതെ വനം വകുപ്പിന്റെ മേൽനോട്ടത്തിൽത്തന്നെ ഇവ യാഥാർഥ്യമാക്കാനാകും.ദിവിജ അൽഫോൻസ ഹെനസീഡ് റിപ്പോർട്ടർ, സെയ്‌ന്റ് മേരീസ് യു.പി. സ്കൂൾ, ആനക്കാംപൊയിൽ