SEED News

ചിത്രശലഭങ്ങൾക്ക് പ്രാദേശിക പാഠമൊരുക്കി തിമിരി എ. എൽ.പി.സ്കൂൾ.



വർണച്ചിറകുകൾ വീശിവരുന്ന ചിത്രശലഭങ്ങളെ കണ്ടു കൊണ്ടിരിക്കാൻ  കൊതിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. അവ നമ്മുടെ കാഴ്ചയിൽ നിന്നും പെട്ടെന്ന് അകന്നു പോകുന്നതിൽ സങ്കടം മാത്രം ബാക്കിയാകും. കോവിഡ് കാല പഠനം   ഗൃഹാന്തരീക്ഷത്തിൽ മാത്രമായി ഒതുങ്ങുമ്പോൾ കുട്ടികൾക്ക് അനുഭവപ്പെടുന്ന മാനസിക പ്രയാസങ്ങൾ മറികടക്കാൻ ചിത്രശലഭങ്ങളുടെ വർണ ഭംഗി ഉപയോഗപ്പെടുത്തി പ്രാദേശിക പാഠം ഉണ്ടാക്കിയിരിക്കുകയാണ് തിമിരി എ.എൽ.പി.സ്ക്കൂൾ. 
                മാതൃഭൂമി സീഡ് യൂനിറ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് വീട്ടിലെ പൂന്തോട്ടത്തിലും പറമ്പിലുമെത്തുന്ന നാൽപത്തിയൊന്ന് പൂമ്പാറ്റകളെ മൊബൈൽ ക്യാമറയിൽ പകർത്തി. തുടർന്ന് അവയുടെ വിവരങ്ങൾ ശേഖരിച്ച്  'വർണച്ചിറകുകാർ ' എന്ന ഡിജിറ്റൽ പതിപ്പിൽ ഉൾക്കൊള്ളിച്ച് പ്രാദേശിക പാഠം നിർമ്മിച്ചു.
ഒരു പേജിൽ ഒരു ചിത്രശലഭത്തെക്കുറിച്ചുള്ള വിവരങ്ങളും അവയുടെ ചിത്രങ്ങളും ഉൾക്കൊള്ളിച്ചു. പേജിൻ്റെ അടിവശത്തായി കണ്ടെത്തിയ ആളുടെ വിവരം, കണ്ടെത്തിയ സ്ഥലം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
        ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം , ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് ശലഭം, കേരളത്തിൻ്റെ ഔദ്യോഗിക ശലഭമായ ബുദ്ധമയൂരി ,മൂങ്ങക്കണ്ണു കാട്ടി പേടിപ്പിക്കുന്ന മൂങ്ങക്കണ്ണൻ നിശാശലഭം ,പിടി തരാതെ പറി അകന്നു പോകുന്ന ചൊട്ടശലഭം, നാരകക്കാളി, അരളി ശലഭം, ഓലക്കണ്ടൻ, നാട്ടു മയൂരി ,കൃഷ്ണ ശലഭം, സുവർണ ഓക്കിലശലഭം, വിലാസിനി, നീലക്കടുവ, നാട്ടു റോസ്, വെങ്കണ നീലി തുടങ്ങി ഒട്ടേറെ ശലഭങ്ങളെ ഈ പതിപ്പിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. പൂമ്പാറ്റകൾ അതു തന്നെയെന്ന് ഉറപ്പിക്കുന്നതിനായി ഓരോ പേജിലും ഡിജിറ്റൽ റഫറൻസിൽ നിന്നെടുത്ത ഫോട്ടോ വൃത്തത്തിനകത്ത് ഇതിൽ ചേർത്തിട്ടുണ്ട്.
മൂന്നാം ക്ലാസിലെ പരിസര പഠനത്തിലെ വർണച്ചിറകുകൾ വീശി വീശി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാവുന്ന ഒരു നല്ല പ്രാദേശിക പാഠം തയ്യാറായ സന്തോഷത്തിലാണ് അധ്യാപകർ. പൂമ്പാറ്റകളെ തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് രക്ഷിതാക്കും ഇതിന്റെ ഭാഗവാക്കായി. കോവി ഡ്കാല ഓൺലൈൻ പഠന പ്രവർത്തനങ്ങൾക്ക് ഒട്ടേറെ മാതൃകകൾ സംഭാവന ചെയ്ത സ്ക്കൂൾ   കൈക്കുമ്പിളിൽ കുഞ്ഞിളം തൈ പരിപാടിയിലൂടെ ഇരുന്നൂറ്റിയമ്പതിലധികം തൈയ്യെടികൾ ഉൽപാദിപ്പിച്ചിട്ടുണ്ട്. ടി.വി, മൊബൈൽ ഇവ അധികനേരം ഉപയോഗിക്കുന്ന കുട്ടികളുടെ ശ്രദ്ധ പ്രകൃതിയിലേക്ക് തിരിച്ചു വിടാനുള്ള കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരികയാണ് സ്ക്കൂൾ.
വർണച്ചിറകുകാർ എന്ന ഡിജിറ്റൽ പുസ്തകത്തിന്റെ പ്രകാശന കർമ്മം കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ഡോ: എം.ബാലൻ നിർവ്വഹിച്ചു. കോവിഡ് കാലം അക്കാദമികമായി ഉപയോഗപ്പെടുത്തിയതിന്റെ മികച്ച ഉൽപന്നമാണ് വർണച്ചിറകുകാർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ.പ്രസിഡന്റ് പി.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്ററും സീഡ് കോഡിനേറ്ററുമായ കെ.വി. വിനോദ് സാഗതം പറഞ്ഞു. മദർ പി.ടി.എ പ്രസിഡന്റ് കെ.കെ. പ്രസീത, കെ.ജയദേവൻ, കെ. ഗീത, കെ.പി. ശോഭന എന്നിവർ സംസാരിച്ചു. 

October 16
12:53 2020

Write a Comment

Related News