SEED News

കോവിഡായാലെന്താ, കരയിലും ഇവര്‍ പൊന്ന് വിളയിക്കും



തൊടുപുഴ കോവിഡ് കാലത്തും കരനെല്‍കൃഷിയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികള്‍. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ സഹായത്തോടെ സ്‌കൂള്‍ മുറ്റത്തു തന്നെയാണ് ഇവര്‍ കൃഷിനിലമൊരുക്കിയത്. കോവിഡ് കാലത്തും കൃത്യമായി പരിപാലിച്ചപ്പോള്‍ കിട്ടിയത് മികച്ച വിളവാണ്. ചൊവ്വാഴ്ച സ്‌കൂള്‍ അങ്കണത്തില്‍ നടന്ന കൊയ്ത്ത് ഉത്സവം പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളെ കൃഷിയിലേക്ക് അടുപ്പിക്കുന്നതിനായാണ് കൃഷിമുറ്റം എന്ന പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷി ആരംഭിച്ചത്.നിലമൊരുക്കിയതും, വിത്തിട്ടതുമെല്ലാം വിദ്യാര്‍ഥികള്‍ തന്നെ. കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ കൊയ്ത്തിനു മാത്രം അവര്‍ക്ക് വരാനായില്ല. എങ്കിലും വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ അവര്‍ കൊയ്ത്തുത്സവം ആഘോഷിച്ചു.ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍, കൗണ്‍സിലര്‍ ജെസി ജോണി, കൃഷി ഓഫീസര്‍ തോംസണ്‍ ജോഷ്വ, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ഹെഡ്മിസ്ട്രസ് ഡാന്റി ജോസഫ് എന്നിവര്‍ സംസാരിച്ചു.

മരവെണ്ടയ്ക്കും പുതുജീവന്‍



ഔഷധഗുണം ഏറെയുള്ള മരവെണ്ടയെന്ന പച്ചക്കറി ഇനത്തിന് പുതുജീവനേകാനുള്ള തയ്യാറെടുപ്പിലാണ് മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികള്‍. സ്‌കൂള്‍ മുറ്റത്തെ കരനെല്‍, പച്ചക്കറി കൃഷിക്കൊപ്പം ഇവര്‍ മരവെണ്ടയും വച്ചുപിടിപ്പിച്ചു. അവരുടെ പ്രതീക്ഷയും തെറ്റിച്ച് ലഭിച്ചത് മികച്ച വിളവ്. ഇതോടെയാണ് കൃഷി വ്യാപകമാക്കാനായി ഇവര്‍ ഒരുങ്ങുന്നത്. മരവെണ്ടകൃഷിയുടെ സ്വഭാവമനുസരിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ചെടികളായിരിക്കും കൂടുതല്‍ ഫലം തരിക. ഇത് മുന്നില്‍ കണ്ട് സ്‌കൂളില്‍ വിളയിക്കുന്നവയുടെ വിത്ത് ഗാന്ധിജി സെന്റര്‍ വഴി വിതരണം ചെയ്ത് തൊടുപുഴയിലുടനീളം കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

October 20
12:53 2020

Write a Comment

Related News