ക്ഷമിക്കുക... പുത്തൂർമേഖല പരിധിക്ക് പുറത്താണ്
പുത്തൂർ: ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂർ പ്രദേശം കാലങ്ങളായി ഇന്റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്ക് കവറേജിന് പുറത്താണ്. ഈ അധ്യയന വർഷം വിദ്യാർഥികളുടെ പഠനം ഓൺലൈനായി കടന്നുപോകുമ്പോൾ നെറ്റ്‌വർക്ക് കവറേജിന്റെ അഭാവം പഠനം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വാട്സാപ്പ് വഴിയും ഗൂഗിൾ മീറ്റ് വഴിയും നടത്തുന്ന ക്ലാസുകൾ ലഭിക്കുന്നതിന് വീടിനുചുറ്റും നെറ്റ്‌വർക്ക് കവറേജ് തേടി അലയുകയാണ് കുട്ടികൾ.420-ലധികം കുട്ടികൾ പഠിക്കുന്ന ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂർ ഗവൺമെന്റ് യു.പി. സ്കൂളിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഈ ദുരിതം ഏറേ നേരിടുന്നത്. പുത്തൂർ, കണിയാർകണ്ടം, നടമ്മൽപൊയിൽ, മങ്ങാട്, കൊയിലാട് പ്രദേശങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾ ഇന്റ്‍നെറ്റ് സേവനമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന നിലയിലാണ്.റേഞ്ച് ലഭിക്കുമെന്ന പ്രതീക്ഷയിൽ വിവിധ സേവനദാതാക്കളുടെ സിം മാറിമാറി ഉപയോഗിച്ചെങ്കിലും എല്ലാം നിഷ്‌ഫലമാവുകയായിരുന്നു. ഓൺലൈൻ പഠനം ഫലപ്രദമാക്കാൻ ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെടുന്നത്.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായിട്ടും മൊബൈൽ കമ്പനികൾ കാണിക്കുന്ന ഈ അലംഭാവത്തിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നത് അനന്തമായി നീളുമ്പോൾ ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്താനാകാത്തക് വിദ്യാർഥികളെ മാനസികമായി തളർത്തുന്നു.